ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകം ആസൂത്രിതവും അന്തര്‍സംസ്ഥാന പ്രശ്നവുമാണെന്ന് പറഞ്ഞു.
തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. തീരദേശ ജില്ലകളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുമെന്നും കേരള അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 55 റോഡുകളില്‍ കര്‍ശന നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും മറ്റ് വശങ്ങളും ചര്‍ച്ച ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു.
ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലുണ്ടായ മൂന്ന് കൊലപാതകങ്ങളും സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ പാടില്ല. സാമൂഹിക വിരുദ്ധ ശക്തികള്‍ക്ക് രാഷ്ട്രീയ പ്രേരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് പല മാനങ്ങളുണ്ട്. ഇവയെല്ലാം നിയന്ത്രിക്കാന്‍ ഞങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
മേഖലയില്‍ ആദ്യമായി കൊല്ലപ്പെട്ട മസൂദിന്റെ കൊലയാളികളെ പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് രണ്ട് കേസുകളിലെയും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതൊരു നിസാര കൊലപാതകമല്ല. സംഭവത്തിന് പിന്നില്‍ കുബുദ്ധികളായ സംഘടനകളുണ്ട്. ഇവയ്ക്കെതിരെയുള്ള നടപടികളെ കുറിച്ച് അടുത്ത ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ബൊമ്മൈ പറഞ്ഞു. ഓരോ വ്യക്തിയുടെയും ജീവനാണ് ഞങ്ങള്‍ക്ക് പ്രധാനം. ഞങ്ങള്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.