ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഗൂഗിളുമായി കൈകോർത്ത് ബെംഗളൂരു ട്രാഫിക് പോലീസിന്റെ നീക്കം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാവുകയാണ് ബെംഗളൂരു.
ഗൂഗിളിൻറെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോൺഫിഗറേഷൻ ഒപ്റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കിൽപ്പെട്ട് സമയം നഷ്ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രക്കാർ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ മൂലം അടിച്ചിട്ട റോഡുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ നൽകും.
യാത്രികർക്ക് ഗതാഗത കുരുക്കുള്ള റൂട്ടുകൾ ഒഴിവാക്കി മറ്റ് റൂട്ടുകൾ തേടാനും ഗതാഗത കുരുക്കിൽപ്പെട്ട് സമയം നഷ്ടപ്പെടുന്നതും അനാവശ്യ ഇന്ധന ചെലവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഗൂഗിളിൻറെ പങ്കാളിത്തത്തോടെ കത്രിഗുപ്പേ നഗര പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഗൂഗിൾ മാപ്പിലൂടെ ലഭിച്ചതും ബെംഗളൂരു ട്രാഫിക് പോലീസ് നൽകിയതുമായ ഡാറ്റയാണ് ഗൂഗിൾ പ്രൊജക്ടിനായി ഉപയോഗിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയപ്പോൾ ജംഗ്ഷനുകളിൽ വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിൽ ശരാശരി 20 ശതമാനം കുറവ് കാണിച്ചു. ഒരു ജംഗ്ഷനിൽ മാത്രം പ്രതിദിനം 400 മണിക്കൂറും പ്രതിവർഷം 73,000 മണിക്കൂറും ഇതിലൂടെ ലാഭിക്കാനാകും. വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ പദ്ധതി നടപ്പിലാക്കുമെന്ന് സിറ്റി ട്രാഫിക് ഡിവിഷൻ ജോയിൻറെ പൊലീസ് കമ്മിഷണർ ബി.ആർ രവികാന്തേ ഗൗഡ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.