ജാലഹള്ളിയിൽ അടിപ്പാത നിർമ്മാണം ഉടൻ 

ബെംഗളൂരു : തുമക്കൂരു റോഡിലെ തിരക്കേറിയ ജാലഹള്ളി ക്രോസിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം അടിപ്പാത നിർമാണം ആരംഭിക്കുന്നു.സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

50 വ്യാപാര സ്ഥാപനങ്ങൾക്കാണ് കെട്ടിടം ഒഴിയാൻ നോട്ടിസ് നൽകിയിട്ടുള്ളത്. 10432 ചതുരശ്രയടി സ്ഥലമാണ് അടിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടിപ്പാത നിർമാണത്തിനുള്ള ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാൻ വൈകിയതോടെ തുടർ നടപടികളും വൈകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നഗരോത്ഥാന പദ്ധതിയിൽപെടുത്തി 158 കോടിരൂപ ചെലവഴിച്ചാണു പാത നിർമിക്കുന്നത്.

സ്ഥലം ഏറ്റെടുക്കുന്നവർക്കായി നഷ്ടപരിഹാരമായി മാത്രം 50 കോടിരൂപ നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പീനിയ വ്യവസായ മേഖലയിലേക്കുള്ള പ്രവേശനകവാടമായ ജാലഹള്ളി ക്രോസിലൂടെ തുമക്കൂരുവിലേക്കുള്ള ദേശീയപാത 48 ഉം കടന്നുപോകുന്നുണ്ട്. രാത്രിയിലും തിരക്കൊഴിയാത്ത ജംക്‌ഷനിൽ ജാലഹള്ളി അയ്യപ്പക്ഷേത്ര റോഡ്, പീനിയ ഔട്ടർ റിങ് റോഡ്, തുമക്കൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് നിർദിഷ്ട അടിപ്പാത നിർമിക്കുന്നത്. കാൽനടയാത്രക്കാർക്കായി പ്രത്യേക പാതയും ഇതിന്റെ ഭാഗമായി നിർമിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us