ചെന്നൈ : തമിഴ്നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കിയിരിക്കുകയാണ് സ്റ്റാലിന് സര്‍ക്കാര്‍.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്കുന്ന നിയമഭേദഗതിയാണ് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന് സര്‍ക്കാര്‍ പാസാക്കിയത്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അണ്ണാ ഡിഎംകെയും ബിജെപിയും ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് വിസിമാരെ നിയമിക്കാന്‍ അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്നതായും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. സ്ഥിരമായുള്ള കീഴ്വഴക്ക പ്രകാരം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഗവര്‍ണറാണ് വിസിമാരെ നിയമിക്കുക. അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി മറ്റൊരു ട്രെന്‍ഡാണ് കാണുന്നതെന്ന് ഡിഎംകെ പറയുന്നു.
നിയമനം ഗവര്‍ണറുടെ വിശേഷാധികാരം എന്ന നിലയ്ക്കാണ് കാണുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടുള്ള അനാദരവാണ്. ജനങ്ങളുടെ ഭരണമെന്ന തത്വത്തിന് എതിരാണ്. നിലവിലെ രീതികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. 2010ല്‍ മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്റെ അധ്യക്ഷതയിലുള്ള കമ്മീഷന് നല്കിയ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഗവര്‍ണമാരെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലും സംസ്ഥാന സര്‍ക്കാരിന്റെ സമിതി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്ന് ഒരാളെയാണ് വിസിയായി ഗവര്‍ണര്‍ നിയമിക്കുകയെന്നും സ്റ്റാലിന് പറഞ്ഞു.
തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഇതേ രീതി തന്നെയാണ് നിലവിൽ പിന്തുടരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.