ബെംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് ഗ്രാമത്തിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ അനന്തരവൻ ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്.
തുണിവ്യാപാരിയായ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയ ഇയാൾ വിവരമറിഞ്ഞ് പിന്നീടാണ് വീട്ടിലെത്തിയത്
കഴിഞ്ഞ 40 വർഷമായി രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ കുടിയേറിപ്പാർത്തിരിക്കുന്ന ബാസർ ലെയ്നിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെങ്കിലും ഞായറാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.
വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മാരകായുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30-ന് ബന്ധുക്കൾ ഉൾപ്പെടെയുള്ള ഏതാനും അയൽവാസികൾ ഗംഗാറാമിന്റെ വീട്ടിലെത്തി ലക്ഷ്മിയെ വിളിച്ചിരുന്നു. എന്നാൽ, ആരുംതന്നെ പുറത്തുവന്നില്ല. ജനലിലൂടെ നോക്കിയപ്പോളാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ലക്ഷ്മിയുടെയും മക്കളുടെയും മൃതദേഹങ്ങൾ ഒരു മുറിയിലും ഗോവിന്ദയുടേത് മറ്റൊരു മുറിയിലുമായിരുന്നു. തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൈസൂരിലെ കെആർ ആശുപത്രിയിലാണ് മരണപെട്ടവരുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ദക്ഷിണമേഖലാ ഐ.ജി. പ്രവീൺ മധുകർ പവാർ, ജില്ലാ പോലീസ് മേധാവി എൻ. യതീഷ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. വിരലടയാളവിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയട്ടുണ്ട്. കൊലപാതകങ്ങൾ അന്വേഷിക്കാൻ മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്പി എൻ യതീഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.