കേരളത്തിന്റെ കോവിഡ് ആപ്പ് ജി.ഒ.കെ ഡയറക്ടിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ബെംഗളൂരു: കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടയുടെ അംഗീകാരം.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കോവിഡുമായി ബന്ധപ്പെട്ട ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ജി.ഒ.കെ ഡയറക്റ്റ് മൊബൈൽ ആപ്പ് ഇടം പിടിച്ചത്. കോഴിക്കോട് യു.എൽ സൈബർപാർക്കിൽ പ്രവർത്തിക്കുന്ന ക്യൂകോപ്പി എന്ന സ്റ്റാർട്ട്പ്പ് കമ്പനി ആണ് കേരള സർക്കാരിന് വേണ്ടി ജി.ഒ.കെ ഡയറക്റ്റ് ആപ്പ് വികസിപ്പിച്ചത്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള സ്റ്റാർട്ട്പ്പ് മിഷനുമായി സഹകരിച്ച് ആണ് ജി.ഒ.കെ ഡയറക്റ്റ് ആപ്പ് പുറത്തിറക്കിയത്. കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ആണ് ആപ്പ് ലോഞ്ച് ചെയ്തത്.

കോവിഡ് കാലത്ത് വ്യാജ വാർത്തകളും ഭീതിപ്പെടുത്തുന്ന സന്ദേശങ്ങളും പ്രചരിക്കുന്ന ഈ ഘട്ടത്തിൽ ആധികാരിക വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ജി.ഒ.കെ ഡയറക്റ്റ് ആപ്പ് വലിയ പങ്കു വഹിച്ചു. ലോകത്ത് ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഈ ആപ്പിന്റെ പ്രാധാന്യം വർധിക്കുകയാണ്. വിദേശത്ത് നിന്നു വരുന്നവർക്കുള്ള പ്രത്യേക നിർദേശങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഇപ്പോൾ കേരളത്തിലും അന്യസംസ്ഥനത്തിലേയും വിദേശരാജ്യങ്ങളിലെയും മലയാളികൾ ഉൾപ്പടെ പതിനഞ്ചു ലക്ഷത്തിൽ കൂടുതൽ ആളുകൾ ജി.ഒ.കെ ഡയറക്റ്റ് ആപ്പ് ഉപയോഗപ്പെടുത്തുണ്ട്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോൺ ആപ്പ് സ്റ്റോറിലും ജി.ഒ.കെ ഡയറക്റ്റ് ലഭ്യമാണ്.

ജി.ഒ.കെ ഡയറക്റ്റ് കോവിഡ് ഡിജിറ്റൽ പ്രോജക്ടിന് വിവിധ ദേശീയ അന്തർദേശീയ അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. പ്രാദേശിക അടിസ്ഥാനത്തിലുള്ള സർക്കാർ ആരോഗ്യ അറിയിപ്പുകൾ അതാതു സ്ഥലത്തെ ആളുകൾക്ക് ലഭ്യമാക്കാനുള്ള സംവിധാനം ആപ്പിൽ ഒരുക്കുകയാണെന്ന് ക്യൂകോപ്പി സ്റ്റാർട്ടപ്പ് സ്ഥാപകൻ അരുൺ പെരൂളി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us