ബെംഗളൂരു: കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് ഞായറാഴ്ച മാക്കൂട്ടം വഴി വന്ന യാത്രക്കാരെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ സംസ്ഥാനത്തേക്ക് കടത്തിവിട്ടില്ല.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതോടെ കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കാണിച്ചാൽ മതിയെന്ന ഉത്തരവ് നിലനിൽക്കെയാണ് ഇത്.
എന്നാൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഞായറാഴ്ചരാവിലെ മാക്കൂട്ടം വഴി വരാൻ ശ്രമിച്ച നിരവധി യാത്രക്കാരെ ഇത്തരത്തിൽ തിരിച്ചയച്ചു.
ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ പുതിയ ഉത്തരവുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. അതിർത്തി കടത്തിവിട്ടാലും യാത്രയ്ക്കിടെ പലഭാഗങ്ങളിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഒട്ടേറെയാത്രക്കാർ കുടുങ്ങിയതോടെ ആന്റിജൻ ഫലമെങ്കിലും ഉണ്ടെങ്കിൽ കടത്തിവിടാമെന്നായി ഉദ്യോഗസ്ഥർ. തുടർന്ന് ഇരിട്ടിയിൽപോയി ആന്റിജൻ പരിശോധനനടത്തി ഫലം കാണിച്ചവരെ അതിർത്തി കടത്തിവിട്ടു.
ചില യാത്രക്കാർ മാനന്തവാടി-നാഗർഹോളെ വഴി സംസ്ഥാനത്തെത്തി. എന്നാൽ, നാഗർഹോളെ വഴി വരുന്നവരോടും ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നവരെയാണ് മാക്കൂട്ടത്ത് തടഞ്ഞത്. എന്നാൽ, വാക്സിനെടുത്തവർക്ക് ആർ.ടി.പി.സി.ആർ. ആവശ്യമില്ലെന്ന ഉത്തരവ് പിൻവലിച്ചിട്ടില്ല.
എന്നാൽ കുടക് ജില്ലയിലേക്കുപോകുന്നവരിൽ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ മേൽവിലാസം വാങ്ങിയശേഷം ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ചാമരാജ് നഗർ, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലും നിരീക്ഷണം ശക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.