ഈ വര്‍ഷം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം മയക്കുമരുന്ന് കേസുകള്‍;25 ഇരട്ടി എല്‍.എസ്.ഡി.സ്ട്രിപ്പുകള്‍ പിടിച്ചെടുത്തു;ആശങ്കയുളവാക്കുന്ന സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: ലഹരി മരുന്ന് ഉപയോഗവും ലഹരി കടത്ത് കേസുകളും വാർത്തകളിൽ നിറഞ്ഞ് നില്കുന്ന ഒരു വർഷമാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. വിവിധ കലാ കായിക സാമൂഹിക രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളും വിദ്യാർത്ഥികൾ അടങ്ങുന്ന നമ്മുടെ യുവജനങ്ങളിലെ ഒരു വിഭാഗവും ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്ക് മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് ഈവർഷമാണെന്നാണ് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭയിൽ പറഞ്ഞത്. സർക്കാർ ലഹരി മരുന്നുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ഈശ്വർ ഖൻഡ്രെയുടെ ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിക്കുകയുണ്ടായി.

മയക്ക് മരുന്ന് കടത്തിനും ഉപയോഗത്തിനും എതിരായി അതിശക്തമായ നടപടികൾ അത്യന്താപേക്ഷിതമായിരിക്കുന്നു. ഈ വർഷം ഇതു വരെ ലഭ്യമായ കണക്കുകൾ വിരൽ ചൂണ്ടുന്നതും ഈ ആവശ്യകതയിലേക്കാണ്. കഴിഞ്ഞ വർഷം 1661 കേസുകൾരജിസ്റ്റർ ചെയ്ത സ്ഥാനത്ത് ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം കേസുകൾ 3852 കടന്ന് കഴിഞ്ഞു.

ഭരണ-നിയമ സംവിധാനങ്ങൾ മാത്രമല്ല സമൂഹവും നിലവിലുള്ള എല്ലാ സാമൂഹ്യ സംഘടനകളും നിർലോഭം തങ്ങളുടെ പിന്തുണ ഈ വിഷയത്തിൽ നല്കേണ്ടിയിരിക്കുന്നു. പിടിച്ചെടുത്ത ലഹരി മരുന്നായ എൽ.എസ്.ഡി യുടെ എണ്ണം മുൻ വർഷങ്ങളിൽ 200ൽ താഴെയായിരുന്നെങ്കിൽ ഈ വർഷത്തെ നവംബർ വരെയുള്ള കണക്കനുസരിച്ച് പിടികൂടിയിരിക്കുന്നത് 5,049 സ്ട്രിപ്പ് ആണ്.

വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും പോലീസ് പരമാവധി ജാഗ്രത പാലിക്കുകയാണെന്നും മന്ത്രി അറിയിക്കുകയുണ്ടായി.

ലഹരി വസ്തുക്കൾ വാങ്ങാൻ ഉപയോഗിക്കുന്ന ഡാർക്ക് വെബ്ബ് സൈറ്റുകൾ കണ്ടെത്തി തകർക്കാൻ സൈബർ പോലീസിന് കഴിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us