തുടർച്ചയായി പെയ്യുന്ന മഴയിൽ വീണ്ടും മുങ്ങി നഗരം

ബെംഗളൂരു: തുടർച്ചയായി പെയ്യുന്നമഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംപൊങ്ങി. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായി മഴപെയ്തു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ വെള്ളം കയറിയത് ഒഴിവാക്കുന്നതിനു മുമ്പുതന്നെയാണ് പലിയിടങ്ങളിലും വീണ്ടും വെള്ളം കയറിയത്.

അഴുക്കുചാലുകൾ കരകവിഞ്ഞ് മലിനജലമാണ് റോഡുകളിൽ കയറിയത്. ഇതോടെ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി. കനത്ത കാറ്റിലും മഴയത്തും അൻപത് ഇടങ്ങളിലായി 45 മരങ്ങളാണ് കടപുഴകി വീണത്, മറ്റിടങ്ങളിൽ മരക്കൊമ്പുകൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പല ഇടങ്ങളിലും മരങ്ങൾ റോഡിലേക്കുവീണത് നീക്കം ചെയ്തുവരുന്നു.

കോറമംഗലയിൽ അപ്പാർട്ട്‌മെന്റിൽ വെള്ളം കയറിയത് ഇവിടത്തെ താമസക്കാരെ ബുദ്ധിമുട്ടിലാക്കി. സമീപത്തെ അഴുക്കുചാലുകളിൽ നിന്നുൾപ്പെടെയുള്ള മലിനജലമാണ് അപ്പാർട്ട്‌മെന്റിന്റെ അകത്തേക്ക് കയറിയത്. നിരവധിവാഹനങ്ങൾ വെള്ളത്തിലായി.

ഈജിപുര, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിലും ചില വീടുകളിൽ വെള്ളംകയറി. പാലസ് ഗ്രൗണ്ടിനുസമീപത്തെ പ്രദേശങ്ങളിലും വെള്ളംപൊങ്ങി. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും വാഹനഗതാഗതം താറുമാറായി.

നഗരത്തിൽ കനത്ത മഴയിൽ നാശനഷ്ടങ്ങൾ വീണ്ടും തുടരുകയാണ്. ഓവുചാലുകൾ കരകവിഞ്ഞ് അഴുക്കുവെള്ളം റോഡുകളിലും ജനവാസകേന്ദ്രങ്ങളിലേക്കും കയറുന്നതും പതിവായിരിക്കയാണ്. കൃത്യമായ സമയങ്ങളിൽ ഓവുചാലുകൾ വൃത്തിയാക്കാത്തതാണ് ഇതിനുകാരണമെന്ന് ആരോപണമുയർന്നു.

മഴക്കാലം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളൊന്നും ബൃഹദ്‌ ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ചെയ്തില്ലെന്നാണ് ആരോപണം. കനാലുകളുടെ നവീകരണം പൂർത്തിയാക്കാത്തതും സമീപവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. അതേസമയം, ഇതുപോലത്തെ കനത്ത മഴ തികച്ചും അപ്രതീക്ഷിതമായിരുന്നെന്ന്‌ ബി.ബി.എം.പി. കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.

ബെംഗളൂരുവിൽ വരും ദിവസങ്ങളിലും കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us