സി.ബി.ഐ. കൊണ്ടുപോയത് 1.47 ലക്ഷം രൂപ, പുറത്ത് വരുന്നത് തെറ്റായ വിവരങ്ങളെന്ന് ഡി.കെ.; പ്രതിഷേധവുമായി പ്രവർത്തകർ

ബെംഗളൂരു: റെയ്ഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നെന്ന് ഡി.കെ. ശിവകുമാർ. വീട്ടിൽനിന്നും ലക്ഷങ്ങൾ പിടിച്ചുവെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ സി.ബി.ഐ. കണ്ടെടുത്തത് 1.47 ലക്ഷം രൂപയാണ്. റെയ്ഡിലൂടെ എന്നെ നിശബ്ദനാക്കാൻ കഴിയുമെന്നത് ബി.ജെ.പി.യുടെ സ്വപ്‌നം മാത്രമാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കും. ‘ഞാൻ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അന്വേഷണം നടത്താൻ സി.ബി.ഐക്ക് അനുമതി നൽകിയത് നിങ്ങളാണ്. കേസ് രജിസ്റ്റർ ചെയ്യാൻ സെപ്റ്റംബർ 30 വരെ കാത്തിരുന്നത് എന്തിനാണ്, നേരത്തേ കേസ് എടുക്കാമായിരുന്നില്ലേ. സർക്കാരിനെതിരെ പ്രതിഷേധത്തിന് തീരുമാനിച്ചപ്പോഴാണ് സി.ബി.ഐ. കേസെടുക്കുന്നത്’ ശിവകുമാർ പറഞ്ഞു.

ഉത്തർപ്രദേശിലെ പീഡനത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനംചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് റെയ്ഡിന് കാരണമെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ശ്രമമാണ് റെയ്ഡിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആരോപിച്ചു. ജനശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ നീക്കമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി. നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സദാശിവ നഗറിലെ ശിവകുമാറിന്റെ വീടിനുമുന്നിൽ നൂറുക്കണക്കിന് പാർട്ടിപ്രവർത്തകർ പിന്തുണയുമായെത്തി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ശിക്കാരിപുരയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. യെദ്യൂരപ്പയുടെ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ വീട് അടച്ചിടാൻ പ്രവർത്തകർ ശ്രമിച്ചത് സഘർഷത്തിനിടയാക്കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us