ചൈനീസ് ആപ്പുകൾക്ക് പകരം ആപ്പ് നിർമിച്ച് മലയാളികളായ വിദ്യാർത്ഥികൾ; പ്ലേസ്റ്റോറിൽ ലഭ്യമാക്കിയ ആപ്പിന് മികച്ച പ്രതികരണം

ബെംഗളൂരു: ചൈനീസ് ആപ്പുകൾക്ക് പകരം ആപ്പ് നിർമിച്ച് മലയാളികളായ വിദ്യാർത്ഥികൾ. ബെംഗളൂരു അമൃതാ സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലെ മൂന്നാംവർഷ വിദ്യാർഥികളായ പ്രണവ് ആർ. നമ്പ്യാരും വിനായക് സംഗീതുമാണ് പുതിയ  ആപ്പിനുപിന്നിൽ.

ചൈനീസ് ആപ്പുകളായ എക്സെൻഡറിനും ഷെയർഇറ്റിനും പകരം ‘എക്സ്ഡ്രോപ്’ ആപ്പാണ് കോഴിക്കോട് സ്വദേശികളായ വിദ്യാർഥികൾ നിർമിച്ചത്. രണ്ടാഴ്ചയ്ക്കുമുമ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ പ്രണവ് മിംസ് ആശുപത്രിയിലെ ഡോക്ടർമാരായ രാധേഷ് നമ്പ്യാരുടെയും ഉമ രാധേഷിന്റെയും മകനാണ്. കോട്ടൂളിയിലാണ് താമസം. പന്നിയങ്കര സ്വദേശിയും ഇലക്‌ട്രോണിക്സ് എൻജിനിയറിങ് വിദ്യാർഥിയുമായ വിനായക് സംഗീത്, സംഗീത് ശ്രീപുരത്തിന്റെയും കവിതാ സംഗീതിന്റെയും മകനാണ്.

നാലുമാസംമുമ്പാണ് ഇരുവരുംചേർന്ന് ആപ്പിന്റെ നിർമാണം തുടങ്ങിയത്. മൊബൈൽ ഫോണിൽനിന്ന് കംപ്യൂട്ടറിലേക്ക് ഫയലുകൾ കൈമാറാൻ കാര്യക്ഷമമായ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം.

ഒരുതരത്തിലും ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ ശേഖരിക്കാത്ത ആപ്പ്, സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണന നൽകിയതെന്ന് പ്രണവും വിനായകും പറയുന്നു. ഫയലുകൾ കൈമാറ്റംചെയ്യുന്നതിന് മികച്ച വേഗവും ഇരുവരും നിർമിച്ച ഈ പുതിയ ആപ്പ് നൽകും.

പഠനത്തിന്റെഭാഗമായി ഇത്തരം ഒട്ടേറെ ആവശ്യങ്ങൾ വന്നതോടെയാണ് ആപ്പ് എന്ന ആശയം തലയിലുദിക്കുന്നത്. ആപ്പിന്റെ നിർമാണം തുടങ്ങിയതിനുശേഷമാണ് ചൈനീസ് ആപ്പുകൾക്ക് വിലക്കുവരുന്നത്.

ഇതോടെ ആൻഡ്രോയ്ഡ് ഫോണുകൾ തമ്മിൽ ഫയലുകൾ കൈമാറാനുള്ള സംവിധാനമായി ഇതു വികസിപ്പിക്കുകയായിരുന്നു. സ്വകാര്യതാ ലംഘനമാണ് ചൈനീസ് ആപ്പുകളുടെ നിരോധനത്തിനു കാരണമായത് എന്നതിനാൽ ‘എക്സ്ഡ്രോപി’ൽ സ്വകാര്യതയ്ക്ക് അതീവപ്രാധാന്യമാണ് നൽകിയത്.

ഫയലുകൾ കൈമാറാൻ ഇന്റർനെറ്റ് കണക്‌ഷന്റെ സഹായം വേണ്ടാത്തതിനാൽ ഉപയോഗവും ഏറെ എളുപ്പമാണ്. കൂടാതെ ഒട്ടേറെ സവിശേഷ സംവിധാനങ്ങളും ആപ്പിലൊരുക്കും.

ആൻഡ്രോയ്ഡിൽനിന്ന് മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും തിരിച്ചും ഫയലുകൾ പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള പ്രവർത്തനത്തിലാണിവർ. ഇരുവരുടെയും ആദ്യസംരംഭമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us