ബെംഗളൂരു: ബെംഗളൂരു, മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയകളെ കേന്ദ്രീകരിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർക്കോട്ടിക് സെൽ അന്വേഷണവും റെയ്ഡും ശക്തമാക്കി.
ഇതിനിടെ ഒരു വിദേശി ഉൾപ്പടെ രണ്ടു പേരെ കൂടി മയക്കുമരുന്ന് കടത്തുകേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. 13.05 ലക്ഷം രൂപയുടെ മയക്കുമാരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്.
Bengaluru Police arrested 2 persons including a Nigerian national and seized contraband including ganja, ecstasy pills and hashish oil worth of Rs 13.05 lakhs. Accused identified as Samson and John have been booked under Section 20(b) of NDPS Act: DCP South. #Karnataka pic.twitter.com/YffMHF3rwU
— ANI (@ANI) September 6, 2020
മൈസൂരുവിൽ മയക്കുമരുന്ന് വേട്ടയ്ക്ക് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറിയിൽനിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മൈസൂരുവിലുള്ള മലയാളികളാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നാണ് വിവരം.
നഗരത്തിൽ കഴിഞ്ഞദിവസം മൂന്നു മലയാളികളിൽനിന്ന് 40 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് നർക്കോട്ടിക് വിഭാഗം ചോദ്യം ചെയ്തുവരികയാണ്.
മലയാളികൾ ഉൾപ്പെട്ട ബെംഗളൂരുവിലെ ലഹരിമരുന്നുകേസിൽ ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് ഇവർ നൽകിയ മൊഴി. വിശാഖപട്ടണത്ത് നിന്നെത്തിയ കഞ്ചാവാണ് പിടികൂടിയത്.
ഇവർക്ക് കഞ്ചാവ് എത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുകൂടാതെ ബെംഗളൂരു വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്ന് കോടികളുടെ മയക്കുമരുന്നാണ് പിടികൂടിയത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങളാണ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘം വിലയേറിയ ലഹരി മരുന്നുകളാണ് എത്തിക്കുന്നത്.
ഇത് രാജ്യന്തര കുറിയർ വഴിയാണ് കൊണ്ടുവരുന്നത്. ഇതിനുപിന്നിൽ വിദേശികളാണ്. ബെംഗളൂരുവിലെത്തിച്ച് വിതരണക്കാരെ ഏൽപ്പിക്കും. മറ്റൊരു സംഘം ഗോവ, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നു മയക്കുമരുന്ന് എത്തിക്കുന്നവരാണ്.
മയക്കുമരുന്നുകേസിൽ കന്നഡ സിനിമാമേഖലയിലെ പ്രമുഖരിലേക്കും അന്വേഷണം
അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാൽ നടി സഞ്ജന ഗൽറാണിയെ തിങ്കളാഴ്ച ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. മലയാളികൾ ഉൾപ്പെട്ട ലഹരിമരുന്നുകേസിൽ ആഫ്രിക്കൻ സ്വദേശി ലോം പെപ്പർ സാംബയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ചോദ്യംചെയ്യും.
സീരിയൽ നടി അനിഘയ്ക്കും എറണാകുളം സ്വദേശി മുഹമ്മദ് അനൂപിനും ലോം പെപ്പർ സാംബ ലഹരിമരുന്ന് എത്തിച്ചിരുന്നു. ഇവരുടെ ഫോണിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.
അനിഘയ്ക്ക് മുഹമ്മദ് അനൂപിനെ പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജിംറിൻ അഷിക്ക് ലഹരിയിടപാടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. മുഹമ്മദ് അനൂപിന്റെ മൊബൈൽഫോണിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.
ഇയാളെ എൻ.സി.ബി. കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. അനിഘയുടെ ഡയറിയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ പലയിടങ്ങളിലും എൻ.സി.ബി. പരിശോധന നടത്തി.
എറണാകുളത്തു നടന്ന ലഹരിപ്പാർട്ടികളിലേക്കും മയക്കുമരുന്നെത്തിച്ചത് ബെംഗളൂരുവിൽനിന്നാണ്. മുഹമ്മദ് അനൂപാണ് ഇതിനു നേതൃത്വംനൽകിയത്. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തവരിൽ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ രാഷ്ട്രീയസമ്മർദമുണ്ടെന്നും ആരോപണമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.