ബെംഗളൂരു: വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിച്ച് വിൽപ്പനനടത്തുന്ന അന്തഃസംസ്ഥാന സംഘത്തിലെ രണ്ടുപേർ ബൊമ്മനഹള്ളി പോലീസിൻ്റെ പിടിയിലായി.
തമിഴ്നാട്ടിലെ ഹൊസൂർ സ്വദേശികളായ മാരി (21), പെരിസ്വാമി (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവരിൽ നിന്ന് അഞ്ച് കെ.ടി.എം., റോയൽ എൻഫീൽഡ് ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
ബൊമ്മനഹള്ളി, ബി.ടി.എം. ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ച് കടത്തിയിരുന്നത്.
ലോക്ഡൗൺ കാലത്ത് നിരവധി ബൈക്കുകൾ സംഘം മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വീടുകൾക്കുമുന്നിലോ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങൾക്കുമുന്നിലോ നിർത്തിയിടുന്ന വാഹനങ്ങളാണ് ഇവർ ലക്ഷ്യംവെക്കുന്നത്.
തുടർന്ന് രണ്ടുദിവസത്തോളം നിരീക്ഷണംനടത്തി പ്രദേശത്തെ വഴികളും ആൾത്തിരക്കും മനസ്സിലാക്കും.
പിന്നീട് ആളൊഴിഞ്ഞ സമയത്ത് ബൈക്കുകൾ മോഷ്ടിക്കുകയാണ് പതിവ്.
ബുള്ളറ്റ്, ഡ്യൂക്ക് തുടങ്ങിയ ബൈക്കുകളാണ് ഇവർ കൂടുതലും ലക്ഷ്യമിടുന്നത്.
മോഷ്ടിക്കുന്ന ബൈക്കുകൾ സംസ്ഥാന അതിർത്തി കടത്തി ഹൊസൂരിലെത്തിച്ചാണ് വിൽപ്പന നടത്തുന്നത്.
തമിഴ്നാട് ചെക്പോസ്റ്റ് കടത്തുന്നതിന് മുമ്പായി ബൈക്കിന്റെ നമ്പർ മാറ്റി വ്യാജരേഖകൾ നിർമിക്കും.
ഈ രേഖകളാണ് ചെക്പോസ്റ്റുകളിൽ കാണിക്കുന്നത്. ഹൊസൂരിലെത്തിച്ച് ബൈക്കുകൾ ദിവസങ്ങളോളം ഒളിപ്പിക്കും.
പോലീസ് അന്വേഷണം നടക്കുന്നില്ലെന്ന് ഉറപ്പിച്ചശേഷമാണ് വിൽപ്പന. ഇത്തരം ബൈക്കുകൾക്ക് ഒട്ടേറെ ആവശ്യക്കാർ തമിഴ്നാട്ടിലുണ്ട്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്.
ഇവർക്കൊപ്പമുള്ള മറ്റുള്ളവർക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.