കേരളത്തിൽ നിന്ന് കർണാടകയിലേക്കും കർണാടകയിൽ നിന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും യാത്ര പാസ് ലഭിച്ചതിനു ശേഷവും യാത്ര സൗകര്യം ലഭിക്കാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നവർ ഏറെയാണ്.
വിദ്യാർത്ഥികളും ജോലി നഷ്ടപ്പെട്ടവരും വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയവരും നാടണയാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ ചില മലയാളി സംഘടനകൾ സൗജന്യമായി മലയാളികളെ ബസ്സിൽ നാട്ടിലെത്തിച്ചിരുന്നു.
നിലവിൽ ഒരു സംഘടനയും സൗജന്യ യാത്ര സൗകര്യം ഒരുക്കുന്നില്ല.
ചില പ്രത്യേക കേസുകൾ സംഘടന ഭാരവാഹികളുടെ ഇടപെടലിലൂടെ സൗജന്യ യാത്രക്ക് പരിഗണിക്കുന്നതല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാവരെയും സൗജന്യമായി നാട്ടിലെത്തിക്കാൻ മലയാളി സംഘടനകളിൽ യാത്ര സൗകര്യം ഒരുക്കുന്നവർക് കഴിയില്ല.
അപ്പോഴും ബസ്സ് യാത്രക്ക് ഈടാക്കുന്ന പണത്തെ പറ്റി നിരവധി പരാതികളാണ് ഉയരുന്നത്.
മലയാളി സംഘടനകൾ സേവന സന്നദ്ധരായി ബസ് യാത്ര സൗകര്യം ഉരുക്കുന്നവരാണെങ്കിൽ 2500 മുതൽ 3500 വരെ പണം ആവശ്യപ്പെടുന്നത് എന്തിനെന്ന ചോദ്യം പരാതിയെന്നോണം ഉയർന്നിട്ടുണ്ട്.
ബസ്സ് യാത്രക്കുള്ള എല്ലാ ചിലവും കൂട്ടിയാലും ഒരു യാത്രക്കാരനിൽ നിന്നും 1500 ഇൽ കൂടുതൽ രൂപ സ്വീകരിക്കേണ്ടതില്ലന്നാണ്
ബസ്സ് സർവീസ് വ്യവസായവുമായി ബന്ധപ്പെട്ടവർ തരുന്ന കണക്ക്.
ഈ കൊറോണ കാലത്തെ ദുരിത ജീവിതത്തിനിടയിൽ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച് മലയാളി സംഘടനകൾ പ്രവർത്തിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല.
അത്തരം കണ്ണിൽ ചോരയില്ലാത്തവരാരും മലയാളി സംഘടനകളെ നയിക്കുന്നവരിൽ ഇല്ല എന്ന് തന്നെ നമുക്ക് ആശിക്കാം.
എങ്കിലും ബെംഗളൂരു നോർക്ക ഓഫീസിനു ഇതിൽ ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്.
കേരളത്തിലെ ഒരു സ്ഥലത്തേക്ക് ബെംഗളൂരുവിൽ നിന്നും പോകുന്ന ബസ്സിന് എല്ലാ ചിലവുകളും ചേർത്ത് എത്ര രൂപയാകുമെന്നും ആ ബസ്സിൽ കൊണ്ട് പോകുന്ന ആളുകളിൽ നിന്നും ഈടാക്കുന്ന പണവും ചിലവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്നും അന്വേഷിക്കണം.
അഥവാ ഏതെങ്കിലും സംഘടന ഈ സേവനത്തിൽ നിന്നും ലാഭം കൊയ്യുന്നുണ്ടങ്കിൽ അവരെ തിരുത്താനും അത്തരം സംഘനകളുടെ ലാഭകൊതിക്കു നോർക്കയുടെ വാട്ട്സാപ്പ് ഗ്രൂപ്പോ നോർക്കയുടെ മറ്റു മാധ്യമങ്ങളോ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തണം.
മാത്രമല്ല,കേരള ആർ ടി സി യോട് കേരളത്തിനും കര്ണാടകത്തിനും ഇടയിൽ പാസ് ലഭിച്ചവർക്ക് വേണ്ടി യാത്ര സൗകര്യം ഒരുക്കാൻ ആവശ്യപ്പെടണം.
അതിനുള്ള വഴി രണ്ടു സർക്കാരുകൾക്കും കൂടി തീരുമാനിക്കാവുന്നതേയുള്ളു.
നിരവധി മലയാളികൾ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ നാട്ടിലെത്താനുള്ള പാസുമായി കാത്തിരിക്കുമ്പോൾ അവർക്കു ആയിരത്തിനു താഴെ രൂപ ഉപയോഗിച്ച് നാട്ടിലെത്താനുള്ള വ്യവസ്ഥ ഒരുക്കാൻ ഓരോ മലയാളി സംഘടനക്കും ഉത്തരവാദിത്തമുണ്ട്.
പ്രത്യേകിച്ചു നോർക്കക്ക്.
ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് (ഒരുമ) ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഗതാഗത മന്ത്രി ശ്രീ എ കെ ശശീന്ദ്രന് കത്തയച്ചിട്ടുണ്ട്.
ലേഖകൻ : അൻവർ മുത്തില്ലത്ത് (8481513120)
(ഈ ലേഖനത്തിൽ എടുത്തിരിക്കുന്ന നിലപാട് ആശയം പരാമർശങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം ലേഖകനു മാത്രമാണ്, ഇത് ബെംഗളൂരു വാർത്തയുടെ പ്രഖ്യാപിത നിലപാട് ആയിക്കൊള്ളണമെന്നില്ല, നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ [email protected] ലേക്ക് അയക്കുക)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.