ബെംഗളൂരു : കോവിഡ്-19 ദുരന്തകാലത്തു വ്യത്യസ്തമായ രീതിയിൽ മെയ്ദിനം ആഘോഷിച്ചു കല വെൽഫെയർ അസോസിയേഷൻ.
ദാസറഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷനാണു അഞ്ഞൂറിൽ അധികം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് തൊഴിലാളി ദിനം ആഘോഷിച്ചത്.
ലോക്ക്ഡൌൺ കാലത്ത് ആയിരത്തിമുന്നോറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളും ആവശ്യ വസ്തുക്കളും എത്തിച്ചു നൽകിയ കലയുടെ അഞ്ചിൽ അധികം ഹെൽപ് ഡെസ്കുകൾ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
കഴിഞ്ഞ ഒരു മാസമായി ജനങ്ങൾക്കു ആവശ്യമായ ജീവൻ രക്ഷ മരുന്നുകൾ വിവിധ പ്രദേശങ്ങളിൽ എത്തിച്ചു നൽകിയ കലയുടെ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമാണ്.
പ്രസിഡന്റ് ജീവൻ തോമസ്, ജനറൽ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.