ബെംഗളൂരു:ബെംഗളൂരു കോർപ്പറേഷൻ മഹാദേവപുര സോണിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്ലാത്ത പാർപ്പിട സമുച്ചയങ്ങൾക്ക് മലിനീകരണ നിയന്ത്രണബോർഡ് പിഴചുമത്തി.
495 വൻകിട പാർപ്പിട സമുച്ചയങ്ങൾക്ക് ആകെ 291 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 5000 രൂപമുതൽ മൂന്നുകോടി രൂപവരെ വിവിധ പാർപ്പിട സമുച്ചയങ്ങൾ പിഴയൊടുക്കണം.
15 ദിവസത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ അപ്പാർട്ട്മെന്റിലേക്കുള്ള കുടിവെള്ള വിതരണം ഉൾപ്പെടെ നിർത്തിവെക്കുമെന്ന് മലിനീകരണ നിയന്ത്രയണ ബോർഡ് വ്യക്തമാക്കി.
വൻകിട പാർപ്പിട സമുച്ചയങ്ങൾ സ്വന്തമായി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് നേരത്തേ മലിനീകരണ നിയന്ത്രണബോർഡ് കർശന നിർദേശം നൽകിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ഒട്ടേറെ പാർപ്പിട സമുച്ചയങ്ങൾ മാനദണ്ഡമനുസരിച്ചല്ല മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചതെന്ന് ബോർഡ് കണ്ടെത്തി. പാർപ്പിട സമുച്ചയങ്ങളിൽനിന്ന് പുറന്തള്ളുന്ന മലിനജലം ബോർഡിന്റെ പ്രത്യേക സമിതി പരിശോധിക്കുകയും ചെയ്തു.
ശുദ്ധീകരിക്കാതെയാണ് മലിനജലം കാനാലുകളിലേക്ക് ഒഴുക്കിവിടുന്നതെന്ന് ഇതോടെ വ്യക്തമായി.
എന്നാൽ ഒന്നിലധികം തവണ ഒരേ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചാണ് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് പാർപ്പിട സമുച്ചയങ്ങളുടെ ഉടമകൾ ആരോപിച്ചു. പ്രശ്നം പരിഹരിച്ചിട്ടും ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനം സ്ഥാപിച്ചിച്ചെന്ന് ആരോപിച്ചാണ് ഒരു പാർപ്പിട സമുച്ചയത്തിന് മൂന്നുകോടി പിഴ ചുമത്തിയത്.
എന്നാൽ കോർപ്പറേഷന്റെ കെട്ടിട നിർമാണ ചട്ടങ്ങളനുസരിച്ച് 2016-ന് മുമ്പ് സ്ഥാപിച്ച പാർപ്പിട സമുച്ചയങ്ങളിൽ ഇത്തരം ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്ന നിബന്ധനയില്ല. ബി.ഡബ്ളു.എസ്. എസ്.ബി.യുടെ മലിനജല ശുദ്ധീകരണ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും ഉടമകൾ പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡിന് മറുപടി നൽകിയിട്ടുണ്ട്.
വീണ്ടും മുൻ നിലപാടിൽ ബോർഡ് ഉറച്ചുനിൽക്കുകയാണെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബെംഗളൂരു അപ്പാർട്ട്മെന്റ് ഫെഡറേഷൻ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.