ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സഞ്ജയ് നഗറിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്ന കാസർകോട് സ്വദേശികൾ മുഹമ്മദ് അസറുദ്ദീൻ(27), ആസിഫ് (24), മുഹമ്മദ് മുഹ്സിൻ (27) എന്നിവരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെയും ഗോവയിലെയും കോളേജുകളിൽ ഇവർ മയക്കുമരുന്നു വിതരണംചെയ്തിരുന്നതായാണ് കണ്ടെത്തൽ.
ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്ന് ഒരു കിലോ ചരസും 500 ഗ്രാം മെറ്റാംഫെത്തമിനും പിടിച്ചെടുത്തു. ഒമ്പതുലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളാണിവ. രഹസ്യവിവരത്തെത്തുടർന്ന് നർക്കോട്ടിക് ബ്യൂറോ സഞ്ജയ് നഗറിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സംഘം പിടിയിലായത്. ചെറുപാക്കറ്റുകളിലാക്കി നഗരത്തിലെയും ഗോവയിലെയും വിവിധ കോളേജുകളിലെ വിദ്യാർഥികൾക്ക് എത്തിച്ചുനൽകിയിരുന്നത് ഈ സംഘമായിരുന്നെന്നാണ് കണ്ടെത്തൽ.
നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശികളാണ് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നത്. ഇവർക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും ഇവർ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.