യു.എസ്.-ഇറാൻ സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കേ കടുത്ത ആശങ്കയില്‍ പ്രവാസികള്‍. മേഖലയില്‍ 80 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരുപങ്ക് മലയാളികളാണെന്നിരിക്കേ, കേരളവും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്.
ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനായ കാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെതിന് പിന്നാലെയാണ് യു.എസ്.-ഇറാൻ സംഘര്‍ഷം കനത്തത്.
കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് യു.എസ്. ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്.
കാസിം സുലൈമാനിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോമാക്രമണം. അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യോമാക്രമണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.
എന്നാല്‍, യു.എസ്. നടത്തിയ ആക്രമണം പലതരത്തില്‍ ഇന്ത്യയെ ബാധിക്കും. സാമ്പത്തികമാന്ദ്യം മൂലമുള്ള പിരിമുറുക്കത്തിനൊപ്പം കടന്നുവരുന്ന പുതിയ സംഘര്‍ഷം പെട്രോളിയം ഉല്പന്ന വിലയും അതുവഴി നിത്യോപയോഗ സാധന വിലയും വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
കൂടാതെ, പ്രവാസി സമൂഹം ഇന്ത്യയിലേക്ക് അയക്കുന്ന തുകയുടെ പകുതിയും (ഏകദേശം 4,000 കോടി ഡോളര്‍) പശ്ചിമേഷ്യയില്‍നിന്നാണ്. സൗദി-ഖത്തര്‍ സംഘര്‍ഷം, ഗള്‍ഫ് നാടുകളിലെ തൊഴില്‍ ദേശസാത്കരണം, എന്നിവയ്ക്കുപിന്നാലെയാണ് ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യം. അത് തൊഴിലവസരങ്ങളെ ബാധിക്കുമെന്നു മാത്രമല്ല, തൊഴില്‍ ഉപേക്ഷിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതി കൂടിയാണ് ഉണ്ടാക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാന്‍ യു.എസും ഇറാനും സംയമനം പാലിക്കണമെന്ന് ഇന്ത്യ അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ്.
പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ
പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ. യു.എസ്.-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കൂടിയ സാഹചര്യത്തിലാണ് പശ്ചിമേഷ്യ വിട്ട് മറ്റ് എണ്ണ ഉത്പാദകരെ തേടി കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.
കൂടിയാലോചനകള്‍ക്കായി കഴിഞ്ഞദിവസം ധന, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ ജി.ഡി.പി കഴിഞ്ഞപാദത്തില്‍ ആറരവര്‍ഷത്തെ താഴ്ചയായ 4.5 ശതമാനത്തിലേക്ക് വിലയിടിഞ്ഞിരുന്നു.
ക്രൂഡോയില്‍ വില കൂടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റ് എണ്ണ ഉത്പാദകരെ തേടുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളെ സമീപിക്കാനാണ് നീക്കം. നിലവില്‍ ചെറിയ അളവില്‍ ഇവിടങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
ഇറാക്ക്, സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ മുഖ്യപങ്ക് എണ്ണയും വാങ്ങുന്നത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില വീണ്ടും കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് വില ബാരലിന് 69.11 ഡോളറില്‍ നിന്നുയര്‍ന്ന് 69.50 ഡോളറിലും യു.എസ്. ക്രൂഡ് വില 63.73 ഡോളറില്‍ നിന്നുയര്‍ന്ന് 64.09 ഡോളറിലുമെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.