പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ

ബെംഗളൂരു: പുതുവത്സരാഘോഷം അതിരുകടക്കുന്നത് തടയാൻ കാവേരീതീരത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിരോധനാജ്ഞ. ആഘോഷത്തിന്റെപേരിൽ നിയമലംഘനം നടത്തുന്നവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് മൈസൂരു സിറ്റി പോലീസ് കമ്മിഷണർ കെ.ടി. ബാലകൃഷ്ണ മുന്നറിയിപ്പ് നൽകി.

മാണ്ഡ്യജില്ലയിലെ കാവേരീനദിതീരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഡിസംബർ 31-ന് രാവിലെ ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് വരെ സി.ആർ.പി.സി.യിലെ 144-ാം വകുപ്പ് പ്രഖ്യാപിച്ച് നിരോധനാജ്ഞയേർപ്പെടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

പുതുവത്സരാഘോഷത്തിനെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ വേണ്ടിയാണിത്. ആഘോഷത്തിൽ മതിമറക്കുന്നവർ പുഴയിലിറങ്ങാനും ഒഴുക്കിൽപ്പെടാനുമുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ജില്ലയിലെ ബാലമുറി, യേദമുറി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ശ്രീരംഗപട്ടണം പോലീസ് നടത്തിയ പരിശോധനയിൽ അനിഷ്ടസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടത്തിയതിനെത്തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

ബാലമുറിയിലും യേദമുറിയിലും വിനോദസഞ്ചാരികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിക്കുന്നത് അടുത്തകാലത്തായി സ്ഥിരസംഭവമായിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ 12 പേരാണ് രണ്ട് സ്ഥലങ്ങളിലുമായി അപകടത്തിൽപ്പെട്ട് മരിച്ചത്.

മൈസൂരുവിൽ ആഘോഷങ്ങൾക്കിടെയുണ്ടാകുന്ന നിയമലംഘനങ്ങൾ തടയാൻ പോലീസ് 18 പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. വനിതാ പോലീസിന്റെ ഒരുസംഘം വേറെയും പരിശോധനയ്ക്കുണ്ടാകും. അഞ്ച് മൊബൈൽ സ്ക്വാഡുകൾ നഗരത്തിൽ റോന്തുചുറ്റാനുണ്ടാകും.

ജനുവരി ഒന്നിന് പുലർച്ചെ ഒരുമണിക്കുശേഷം ഒരാഘോഷവും അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഹോട്ടലുകളിലും അപ്പാർട്ട്മെന്റുകളിലും ഹോംസ്റ്റേകളിലും ക്ലബ്ബുകളിലും ഷോപ്പിങ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റും ബന്ധപ്പെട്ട അധികൃതരിൽനിന്നും അനുമതിനേടിയശേഷം മാത്രമേ ആഘോഷം സംഘടിപ്പിക്കാൻ പാടുള്ളൂ.

നിയമലംഘകരെ പിടികൂടാൻ നഗരത്തിൽ 300 സി.സി.ടി.വി.കാമറകൾ സ്ഥാപിച്ചു. വാഹനങ്ങൾ പറപ്പിച്ച് ആഘോഷമാക്കാനിറങ്ങുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കും. 31-ന് രാത്രി ചാമുണ്ഡി മലയിലേക്ക് പ്രവേശിക്കുന്നതിനും പോലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ചാമുണ്ഡിയിലേക്കുള്ള പ്രധാനറോഡ് രാത്രി ഒമ്പത് മണിയോടെ അടയ്ക്കും. കൽപ്പടവുകളോടുകൂടിയ പരമ്പരാഗത പാതയുൾപ്പെടെയുള്ള മറ്റ് വഴികളിലൂടെയുള്ള പ്രവേശനം വൈകീട്ട് ഏഴ് മണിയോടെ തടയും. ചാമുണ്ഡിയിലെ താമസക്കാർക്ക് നിയന്ത്രണം ബാധമകമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us