ബെംഗളൂരു :ദീപാവലിനാളിൽ ആഘോഷങ്ങളുടെ പൊലിമ മഴ കുറച്ചെങ്കിലും കോളടിച്ചത് ബെംഗളൂരു ട്രാഫിക് പോലീസിന്. ദീപാവലി ദിവസമായ ഒക്ടോബർ 27-ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പിഴയിനത്തിൽ 52 ലക്ഷം രൂപയാണ് ട്രാഫിക് പോലീസിന് ലഭിച്ചത്.
ഹെൽമെറ്റ് ഉപയോഗിക്കാതെ ഇരുചക്രവാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കൂടുതൽ പേർക്കും പിഴ ചുമത്തിയത്. 16,000 പേരാണ് അന്ന് ട്രാഫിക് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്.
ഉത്സവദിവസമായതിനാൽ കൂടുതൽ ട്രാഫിക് പോലീസുകാരെ നിരത്തുകളിൽ നിയോഗിച്ചിരുന്നു. എം.ജി. റോഡ്, വിധാൻസൗധ, ട്രിനിറ്റി റോഡ്, മെജസ്റ്റിക് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ നിയമലംഘകരും പോലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഗതാഗത നിയമലംഘനത്തിന് വലിയതുക പിഴയായി ഈടാക്കിത്തുടങ്ങിയെങ്കിലും നിയമം ലംഘിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ട്രാഫിക് പോലീസ് പറയുന്നു.
ശരാശരി ദിവസം 24.5 ലക്ഷം രൂപയാണ് പിഴയായി പിരിഞ്ഞുകിട്ടുന്നത്. പിഴത്തുകയിൽ വർധന വരുത്തുന്നതിനുമുമ്പ് ഇത് 23 ലക്ഷം രൂപയായിരുന്നു.
വർധിപ്പിച്ച പിഴത്തുക നിലവിൽവന്നതിനുശേഷം നവംബർ ആദ്യ ആഴ്ചവരെ 3,20,757 കേസുകളാണ് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തത്. 7.9 കോടി രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.
സെപ്റ്റംബർ 12-നാണ് ഇതിനുമുമ്പ് പിഴത്തുക 50 ലക്ഷം കവിഞ്ഞത്. അന്നും കൂടുതൽ പോലീസുകാരെ പരിശോധനയ്ക്ക് നിയോഗിച്ചിരുന്നു. അതേസമയം ഗതാഗതനിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ കൂടുതൽ വിപുലമാക്കാനും തീരുമാനമുണ്ട്.
വിവിധ പ്രദേശങ്ങളിൽ പുതുക്കിയ പിഴത്തുകയും പോലീസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.