നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിക്കുകയായിരുന്ന 60 ബംഗ്ലാദേശികൾ പിടിയിൽ. പിടിയിലായവരിൽ 22 വനിതകളും ഒമ്പതു കുട്ടികളുമുണ്ട്.

ബെല്ലന്ദൂർ, രാമമൂർത്തിനഗർ, മാറത്തഹള്ളി എന്നിവിടങ്ങളിൽ നടത്തിയ മിന്നൽപരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കരാർ ജോലിചെയ്തുവരികയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു.

നഗരത്തിലുള്ള കരാറുകാരാണ് ഇവരെ എത്തിച്ചതെന്നാണ് പ്രാഥമികവിവരം. രഹസ്യാന്വേഷണവിഭാഗം നൽകിയ വിവരത്തെത്തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. പിടിയിലായവരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു അറിയിച്ചു.

മാറത്തഹള്ളിയിലെയും ബെന്ദൂരിലെയും ഒഴിഞ്ഞ സ്ഥലങ്ങളിൽ താത്കാലിക ഷെഡ്ഡുകൾ കെട്ടിയാണ് ഇവരിൽ ഭൂരിഭാഗവും കഴിഞ്ഞിരുന്നത്. കെട്ടിടനിർമാണമേഖലയിലും ചെരുപ്പുഫാക്ടറികളിലുമായിരുന്നു ജോലി.

ഇത്തരം തൊഴിലാളികളെ നഗരത്തിലെത്തിക്കുന്നതിനുവേണ്ടി ബംഗ്ലാദേശിലും ബെംഗളൂരുവിലും ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. പണം നൽകിയാൽ ആധാർ കാർഡും വോട്ടർ ഐ.ഡി. കാർഡുകളും എടുത്തുകൊടുക്കുന്ന സംഘങ്ങളും നഗരത്തിൽ സജീവമാണ്.

പിടിയിലായവരിൽ ചിലർക്ക് ഇത്തരം കാർഡുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കരാറുകാർക്കെതിരെയും രേഖകൾ പരിശോധിക്കാതെ ഇവർക്ക് താമസസ്ഥലം ഒരുക്കിയവർക്കെതിരെയും കേസെടുക്കും.

ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് കൂടുതലാണെന്നും ദേശീയ പൗരത്വപ്പട്ടിക സംസ്ഥാനത്തും നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായല്ല പരിശോധന നടന്നതെന്നും പതിവുള്ള പരിശോധനയാണിതെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us