കര,നാവിക,വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കും:പ്രധാനമന്ത്രി.

ന്യൂഡല്‍ഹി : എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്.

”നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്”, ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം.

കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത് ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.

കര, നാവിക, വ്യോമ സേനാമേധാവികളേക്കാൾ ഉയർന്ന പദവിയാണിത്. സായുധ സേനകളും പ്രധാനമന്ത്രിയ്ക്കുമിടയിൽ ഏകോപനത്തിനായുള്ള സുപ്രധാന വ്യക്തിയാകും സർവസേനാമേധാവി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രതിരോധച്ചെലവുകൾ മുതൽ സേനാവിന്യാസം വരെ, എല്ലാം ഈ ഒരു വ്യക്തിയുടെ മേൽനോട്ടത്തിലാകും നടക്കുക.

കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും, സുരക്ഷാ വീഴ്‍ചകളും, പാളിച്ചകളും, ബലഹീനതകളും പഠിച്ച് വിലയിരുത്താൻ രൂപീകരിച്ച സമിതിയാണ് സർവസേനാ മേധാവിയെന്ന ആശയം മുന്നോട്ടു വച്ചത്. പാക് നുഴഞ്ഞു കയറ്റക്കാർ എങ്ങനെയാണ് കാർഗിൽ മലനിരകളിലേക്ക് എത്തിയതെന്നും, എന്തുകൊണ്ട് നമ്മുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾക്ക് ഇത് കണ്ടെത്താനായില്ലെന്നതും സമിതി പഠിച്ചിരുന്നു.

ഇതിന് ശേഷം സമിതി മുന്നോട്ടുവച്ച നിർദേശം, പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരിക്കണം സർവസേനാമേധാവി എന്നതാണ്. ഈ ആശയത്തെ ആദ്യ മോദി മന്ത്രിസഭയിലെ ആദ്യ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തതാണ്.

കാർഗിൽ യുദ്ധം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട്, അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി പഠിച്ച ശേഷം അംഗീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാ ഈ ആശയം പിന്നീടങ്ങോട്ട് നടപ്പായില്ല. രാഷ്ട്രീയ നേതൃത്വത്തിലും സേനയുടെ ഉന്നതതലങ്ങളിലുമുള്ള ആശയഭിന്നതകളെത്തുടർന്നാണ് നിർദേശം നടപ്പാകാതിരുന്നത്.

നിലവിൽ സേനാമേധാവികളുടെ സമിതിയുടെ അധ്യക്ഷൻ എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവയാണ്. ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയ്ക്ക് സമാനമായ അധികാരങ്ങൾ നിലവിൽ ഈ പദവിക്കില്ല.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാർഗിൽ യുദ്ധകാലത്ത് കരസേനാമേധാവിയായിരുന്ന ജനറൽ വേദ് പ്രകാശ് മാലിക് സ്വാഗതം ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്ക് അടിത്തറയേകുന്ന സുപ്രധാനപ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us