ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറി; കെ.സി. വേണുഗോപാൽ

ബെംഗളൂരു: ബി.ജെ.പി.യുടേത് രാജ്യം കണ്ട ഏറ്റവും നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കേന്ദ്രസർക്കാരും ഗവർണറും മഹാരാഷ്ട്ര സർക്കാരും ബി.ജെ.പി. നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിരക്കച്ചവടത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചത്.

കൂറുമാറിയ എം.എൽ.എ. മാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഈ അധാർമിക രാഷ്ട്രീയ നീക്കത്തിന് ബി.ജെ.പി. കളമൊരുക്കിയത്. ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബി.ജെ.പി. ദുരുപയോഗം ചെയ്തെന്നും വേണുഗോപാൽ പറഞ്ഞു.

സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി. നേതാക്കൾ ഭരണപക്ഷ എം.എൽ.എ.മാർക്ക് പണം വാഗ്ദാനം ചെയ്ത് ചർച്ച നടത്തുന്നതിന്റെ വീഡിയോ അടക്കമുള്ള തെളിവുകൾ നിയമസഭക്കു മുൻപിൽ വന്നു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണംകെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരംതാണ വഴികളിലൂടെയുമാണ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി. ശ്രമിച്ചത്.

രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടുമാണ് കർണാടകത്തിൽ അധികാരത്തിലിരിക്കുന്ന സഖ്യസർക്കാരിനെ തകർക്കാൻ ബി.ജെ.പി. നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീം കോടതിയിലും തെരുവുകളിലും പോരാടി.

എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും കോൺഗ്രസിനും സഖ്യസർക്കാരിനുമൊപ്പം നിലകൊണ്ട എം.എൽ.എ.മാരും പ്രവർത്തകരും അഭിനന്ദനർഹിക്കുന്നു. നിയമസഭയിൽ എം.എൽ.എമാരുടെ എണ്ണത്തിൽ ബി.ജെ.പിക്ക് മേൽൈക്ക നേടാനായെങ്കിലും ധാർമികമായ വിജയം കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ അവിശുദ്ധമായി ബി.ജെ. പി. നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് ദേശവ്യാപക പ്രചാരണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us