ബെംഗളൂരു: ഒരു മലയാളി കൂടി കൊള്ളസംഘങ്ങൾ ഏറ്റവുമധികമുള്ള ബെംഗളൂരു- മൈസൂരു പാതയിൽ ഇരയായി. ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുമധികം കൊള്ളസംഘങ്ങളുടെ സാന്നിധ്യമുള്ള ദേശീയപാതയാണ് ബെംഗളൂരു- മൈസൂരു പാത.
ബിഡ്ജി എന്ന സ്ഥലത്തിനു സമീപം കൊള്ളസംഘത്തിന്റെ കവർച്ചയ്ക്കിരയായ ലോറി ഡ്രൈവർ നായ്ക്കട്ടി സ്വദേശി നെടുംകണ്ടംപുറായിൽ ഉസ്മാൻ ആണ് ഒടുവിലെ ഇര. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ബിഡ്ജിക്കും രാംനഗറിനും ഇടയിൽ ലോറി നിർത്തിയപ്പോഴാണ് ഉസ്മാനെ കൊള്ളക്കാർ കീഴ്പ്പെടുത്തിയത്.
ഇദ്ദേഹത്തിന്റെ 35,000 രൂപയും മൊബൈൽ ഫോണും കൊള്ളക്കാർ കവർന്നു. ജാക്കി ലിവർ കൊണ്ടു മർദിച്ച് അവശനാക്കിയാണു കൊള്ളസംഘം കടന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ നോട്ടമിട്ടാണു കൊള്ളസംഘങ്ങൾ ബൈക്കുകളിലും ഓട്ടോറിക്ഷകളിലും റോന്തടിക്കുന്നത്.
രാത്രി കാലങ്ങളിൽ ഹൈവേകളിൽ കൂടി യാത്ര ചെയ്യുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊള്ളസംഘത്തിൽ കോളേജ് വിദ്യർത്ഥികളും ഉൾപ്പെടുന്നുണ്ട്. മുളകുപൊടിയും മുഖം മൂടിയും മരകായുധങ്ങളും ഉപയോഗിച്ചാണ് കൊള്ളനടത്താൻ ഇവർ എത്തുന്നത്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.