വീഴുമോ വാഴുമോ എന്ന് ഇന്നറിയാം;കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്;എത്രപേര്‍ വിട്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി!

ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാരിന്‍റെ ഭാവിയിൽ ആശങ്ക നിലനിൽക്കെ കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്.

വൈകീട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ൽ എത്ര എംഎൽഎമാർ യോഗത്തിനെത്തും എന്നത് നിർണായകമാവും.

വിമതസ്വരമുയർത്തിയ രമേഷ് ജാർക്കിഹോളി, തനിക്കൊപ്പം ആറ് എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവർ വിട്ടുനിൽക്കുകയാണെങ്കിൽ കോൺഗ്രസും ജെഡിഎസും വീണ്ടും സമ്മർദത്തിലാവും.

കഴിഞ്ഞ രണ്ട് ദിവസമായി കോൺഗ്രസിലെ വിമത എംഎൽഎമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കുമെന്ന് ഇവർക്ക് ഉറപ്പുനൽകിയതായാണ് സൂചന.

മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്.

മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.

രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം ഇന്ന് ദില്ലിയിലെത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ അമിത് ഷായുമായി കർണാടകത്തിലെ നീക്കങ്ങൾ ചർച്ച ചെയ്യും.

അതിനിടെ മണ്ഡ‍്യയിൽ ജയിച്ച സുമലത അംബരീഷും ബിഎസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. അംബരീഷിന്‍റെ ജൻമദിനമായ മെയ് 29ന് തീരുമാനം അറിയിക്കുമെന്ന് അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us