തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചയാണ് അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.
എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു
4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം കെ ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ റോയ് പോൾ സഹോദരനാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.