വോട്ടിന് പകരം സമ്മാനങ്ങളും പണവും; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തീരാ തലവേദനയാകും!!

ബെംഗളൂരു: സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിൽ പണാധിപത്യത്തിന് ഒരു കാലത്തും കുറവുണ്ടായിട്ടില്ല എന്നുള്ളത് ഇതുവരെയുള്ള സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ജാതീയതയും പണാധിപത്യവുമാണ് ജനകീയ പ്രശ്നങ്ങളേക്കാൾ പലപ്പോഴും നിർണായകമാകുന്നത്.

ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടച്ചൂട് കൂടിയതോടെ പാർട്ടികൾ മത്സരിച്ച് പണം ചെലവാക്കാനുള്ള സാധ്യതയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കാണുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടന്ന പരിശോധനയിൽ ഇതുവരെ 18 കോടി രൂപയാണ് പിടിച്ചെടുത്തത്. 2014-ലെ തിരഞ്ഞെടുപ്പിൽ മൊത്തം പിടിച്ചെടുത്തത് 28 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾതന്നെ പരിശോധന കർശനമാക്കിയിരുന്നു. ആദായനികുതി, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന.

ആദായനികുതി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസമാണ് ബെംഗളൂരുവിലെ ഹോട്ടലിൽനിന്ന് രണ്ട് കോടി രൂപ പിടിച്ചെടുത്തത്. ഗ്രാമവികസന വകുപ്പിലെ എൻജിനീയറാണ് പണം സൂക്ഷിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്ക് കരാറുകാരിൽനിന്ന് പിരിച്ചെടുത്ത പണമാണ് പിടികൂടിയത്.

സംസ്ഥാന പോലീസ് മൂന്ന് കോടി രൂപയാണ് കണ്ടെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാൻ അനുവദിച്ച തുക 70 ലക്ഷം രൂപയാണ്. എന്നാൽ സ്ഥാനാർഥികൾ പത്ത് കോടി രൂപവരെ ചെലവാക്കുന്നെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 500 മുതൽ 2000 രൂപവരെ വിതരണം ചെയ്തെന്ന് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് കൂടുതൽ പണം ചെലവഴിക്കുന്നത്. സഖ്യസർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി. നടത്തിയ നീക്കത്തിൽ എം.എൽ.എ.മാർക്ക് 50 കോടി രൂപവരെ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. വോട്ടർമാർക്ക് പണം നൽകുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ചില കോളനികളിൽ വോട്ടർമാർക്ക് മൊത്തമായി പണം നൽകുന്നതും ഗിഫ്റ്റ് വൗച്ചർ നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഗിഫ്റ്റ് വൗച്ചർ വഴി വിതരണം ചെയ്യുന്നത്. ഇത്തരം സമ്മാനങ്ങൾ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല.

സംഘടനകൾക്ക് വൻ തുക സമ്മാനമായി നൽകി വോട്ട് ഉറപ്പാക്കുന്ന പദ്ധതിയുമുണ്ട്. സമുദായാംഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇത് മുന്നിൽകണ്ട് 10000 രൂപയിൽ കൂടുതൽ സമ്മാനങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us