തേജസ്സ് ഇനി യുദ്ധമുഖത്തേക്ക്; ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനത്തിന് ഓപ്പറേഷന്‍ ക്ലിയറന്‍സ് ലഭിച്ചു.

ബെംഗളൂരു: വ്യോമസേനയിൽ സജ്ജമാക്കുന്നതിനുള്ള അംഗീകാരം തദ്ദേശീയ ലഘുയുദ്ധവിമാനമായ തേജസ്സിന് മിലിറ്ററി ഏവിയേഷൻ റെഗുലേറ്ററിൽനിന്ന് ലഭിച്ചു. എയ്റോ, ഇന്ത്യ ചടങ്ങിൽ സെന്റർ ചീഫ് എക്സിക്യുട്ടിവ് പി. ജയപാൽ വ്യോമസേന മേധാവി എയർ മാർഷൽ ബി.എസ്. ധനോവിന് സർട്ടിഫിക്കറ്റ് കൈമാറി. മിലിറ്ററി എയർവർത്തിനസ് ആൻഡ് സർട്ടിഫിക്കേഷൻ സെന്ററാണ് വിമാനം പരിശോധിച്ച് സേനയിൽ ഉൾപ്പെടുത്തുന്നതിന് അന്തിമ ഓപ്പറേഷൻ ക്ലിയറൻസ് നൽകുന്നത്.

അനുമതി ലഭിച്ചതോടെ ഇനി വ്യോമസേനയുടെ യുദ്ധവിമാന ശ്രേണിയിൽ തേജസ്സും ഉൾപ്പെടും. ആദ്യഘട്ടത്തിൽ ആയുധസജ്ജമായ 83 – തേജസ്സ് വിമാനമാണ് വ്യോമസേന എച്ച്.എ.എല്ലിനോട് ആവശ്യപ്പെട്ടത്. ഇതിനുള്ള അനുമതി പ്രതിരോധമന്ത്രി നിർമല സീതാരാമൻ നൽകി. ലഘുയുദ്ധവിമാനമായ തേജസ്സിന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഇതിനെ വ്യോമസേന മേധാവി വിശേഷിപ്പിച്ചത്.

ശക്തിയേറിയ ലഘുയുദ്ധവിമാനത്തിന്റെ ആവശ്യകത കണക്കിലെടുത്ത് മാർക്ക് രണ്ട് ശ്രേണിയിൽപ്പെട്ട വിമാനം വേണമെന്ന് വ്യോമസേന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെ ആയുധസജ്ജമായ വിമാനം വ്യോമസേനയ്ക്ക് കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധതരം ആയുധങ്ങൾ പ്രയോഗിക്കുന്നതിലും ആകാശത്തുനിന്ന് ഇന്ധനം നിറയ്ക്കുന്നതിലും തേജസ്സ് വിജയിച്ചിരുന്നു. റഷ്യയുടെ മിഗ് -21ന് പകരക്കാരനായാണ് തേജസ്സ് വ്യോമസേനയിലെത്തുന്നത്. 324 തേജസ്സ് വിമാനങ്ങളാണ് വ്യോമസേന ആവശ്യപ്പെടുന്നത്. ഒറ്റ എഞ്ചിനുള്ള സൂപ്പർ സോണിക് വിമാനമായ തേജസ്സിനെ രൂപകല്പനചെയ്തത് ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ്. തേജസ്സിന്റെ വ്യോമസേന പതിപ്പും നിർമിക്കുന്നുണ്ട്.

1980-ലാണ് തേജസ്സിന്റെ നിർമാണത്തിനുള്ള നടപടി തുടങ്ങുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും തേജസ്സിന് 900 മുതൽ 1000 കിലോമീറ്റർ വരെ വേഗത്തിൽ പറന്ന് ആയുധങ്ങൾ വർഷിക്കാൻ കഴിയും. ആകാശത്തുനിന്ന് ആകാശത്തിലേക്കും കരയിലേക്കും മിസൈൽ തൊടുത്തുവിടാനുള്ള കരുത്തുണ്ട്. മൂന്നരപ്പതിറ്റാണ്ടുനീണ്ട പരീക്ഷണഘട്ടങ്ങൾ കടന്നാണ് തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് സേനയുടെ ഭാഗമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us