ബി.ജെ.പി. എം.എൽ.എ.യുടെ വാഹനമിടിച്ച് രണ്ട് ബെംഗളൂരു സ്വദേശികൾ മരിച്ചു.

ബെംഗളൂരു: ബി.ജെ.പി. ജനറൽ സെക്രട്ടറിയും എം.എൽ.എ.യുമായ സി.ടി. രവി സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർ മരിച്ചു. എം.എൽ.എ.യുടെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും വാഹനങ്ങൾക്കരികിൽനിന്നിരുന്ന രണ്ടുപേരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

ബെംഗളൂരു സ്വദേശികളായ ശശി ഗൗഡ (28), സുനിൽ ഗൗഡ (27) എന്നിവരാണ് മരിച്ചത്. കൊല്ലൂർ ക്ഷേത്രദർശനത്തിനുശേഷം ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ സി.ടി. രവിയെ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ 50 മീറ്ററോളം വാഹനം വലിച്ചിഴച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഡ്രൈവർ അശോകാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ചിക്കമഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ കുനിഗൽ ബൈപ്പാസിലെ ഉർക്കെഹള്ളി പാലത്തിലായിരുന്നു അപകടം. ഡ്രൈവർ അശോകിനെതിരേ അശ്രദ്ധമായി വാഹനമോടിച്ചതുമൂലമുള്ള മരണത്തിന് കുനിഗൽ പോലീസ് കേസെടുത്തു. അതേസമയം, വാഹനം ഓടിച്ചത് സി.ടി. രവിയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 9.30-നാണ് ചിക്കമഗളൂരുവിൽനിന്ന് പുറപ്പെട്ടതെന്നാണ് എം.എൽ.എ. പറയുന്നത്. ‘രാത്രി ഒന്നരയ്ക്കായിരുന്നു അപകടം. അപകടസമയത്ത് നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവർ അശോകാണ് വാഹനം ഓടിച്ചിരുന്നത്. ഗൺമാൻ രാജ നായകും വാഹനത്തിലുണ്ടായിരുന്നു. വാഹനം ഇടിച്ചശേഷം എയർബാഗ് ദേഹത്ത് മുട്ടിയപ്പോഴാണ് ഉറക്കമുണർന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചകാര്യം അറിഞ്ഞ ഉടൻതന്നെ ആംബുലൻസിനെയും പോലീസിനെയും വിളിച്ചുവരുത്തി’ -അദ്ദേഹം പറഞ്ഞു.

വാഹനം ഓടിച്ചിരുന്നത് താനാണെന്ന വാർത്തകൾ എം.എൽ.എ. നിഷേധിച്ചു. അപകടത്തിനുശേഷം മൃതദേഹങ്ങൾ മാറ്റുന്നതുവരെ സി.ടി. രവി അപകടസ്ഥലത്തുണ്ടായിരുന്നെന്ന് ബി.ജെ.പി. സംസ്ഥാന മീഡിയാ കൺവീനർ എസ്. ശാന്താറാം പറഞ്ഞു. കാർ ഓടിച്ചിരുന്നത് എം.എൽ.എ. ആയിരുന്നില്ലെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന വാർത്തകൾ തെറ്റാണെന്നും ശാന്താറാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us