ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ അഗ്നി പർവത സ്ഫോടനത്തെ തുടർന്നുണ്ടായ സുനാമിയിൽ മരണം 373 കടന്നു. 1400 ലധികം പേർക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീരമേഖല തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
ശക്തമായ തിരയേറ്റം തുടരുന്നതിനാൽ സുനാമി ജാഗ്രതാ നിർദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടി. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്നിപർവതത്തിൽ നിന്ന് തുടർ സ്ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. അതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രാക്കത്തോവ അഗ്നിപർവതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമുദ്രാന്തർഭാഗത്തുണ്ടായ മാറ്റങ്ങൾ ആണ് സുനാമിക്ക് വഴിവച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
ബാന്‍റൺ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റർ വരെ ഉയരത്തിലെത്തിയ തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്തുമസ് ആഘോഷങ്ങൾക്കുൾപ്പെടെ ബീച്ചുകളിൽ ഒത്തുകൂടിയവരാണ് സുനാമിയെ തുടർന്ന് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.