അംബരീഷിന് വിട ചൊല്ലി നഗരം;കണ്ഠീരവ സ്റ്റുഡിയോയിൽ അവസാനിക്കുന്നത്‌ പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്ര-രാഷ്ട്രീയ സപര്യ.

ബെംഗളൂരു: സുപ്പര്‍ താരവും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ അംബരീഷിന് നാട് വിടചൊല്ലി. ബെംഗളൂരു നന്ദിനി ലേ ഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോയിൽ, കന്നഡ സൂപ്പർതാരമായിരുന്ന ഡോ. രാജ്‌കുമാറിന്റെ സ്മാരകത്തിന് സമീപം പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

മകൻ അഭിഷേക് ചിതയ്ക്ക് തീകൊളുത്തി. ഭാര്യ സുമലതയും കുടുംബാംഗങ്ങളും പങ്കെടുത്തു. ചിതയിലേക്കുവെച്ച മൃതദേഹത്തിൽ സുമലത വിതുമ്പിക്കൊണ്ട് അന്ത്യചുംബനമേകി. പൊട്ടിക്കരഞ്ഞുകൊണ്ടാണ്  മകൻ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയത്. വൻജനാവലിയാണ് അന്ത്യച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.

കനത്ത പോലീസ് സുരക്ഷയോടെയായിരുന്നു ചടങ്ങുകൾ.സ്വന്തം നാടായ മാണ്ഡ്യയിലെ വിശ്വേശ്വരയ്യ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം പതിനൊന്നുമണിയോടെയാണ് വ്യോമസേനാ ഹെലികോപ്റ്ററിൽ ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലെത്തിച്ചത്. പ്രമുഖവ്യക്തികളുടെ അന്ത്യോപചാരത്തിനുശേഷം അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയായി വൈകുന്നേരം നാലുമണിയോടെ മൃതദേഹം കണ്ഠീരവ സ്റ്റുഡിയോയിലെത്തിച്ചു.

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രിമാർ, ജനതാദൾ- എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി സുശീൽകുമാർ ഷിൻഡെ, ബോളിവുഡ് നടി ജയപ്രദ, തെന്നിന്ത്യൻ താരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ അന്ത്യോപചാരമർപ്പിക്കാനെത്തി. ശിവരാജ്‌കുമാർ, പുനീത് ശിവരാജ്‌കുമാർ അടക്കമുള്ള കന്നഡ താരങ്ങളും അന്ത്യച്ചടങ്ങിനെത്തി.

ആരാധകാരും വാഹനത്തിനുപിന്നാലെ അണിചേർന്നു. ഭാര്യ സുമലതയും മകൻ അഭിഷേകും വാഹനത്തിലുണ്ടായിരുന്നു. റോഡിന്റെ ഇരുവശവും ആരാധകർ തടിച്ചുകൂടി.

കണ്ഠീരവ സ്റ്റേഡിയത്തിലെത്തിയപ്പോൾ ശാരീരിക അസ്വാസ്ഥ്യംമൂലം സുമലത തളർന്നിരുന്നത് ചടങ്ങിനെത്തിയവരെയും ഈറനണിയിച്ചു. രാവിലെമുതൽ ആയിരക്കണക്കിന് ആരാധകരും പ്രവർത്തകരും കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.

ബെംഗളൂരുവിലും മാണ്ഡ്യയിലുമായി രണ്ടരലക്ഷത്തിലധികം പേരാണ് പ്രിയനേതാവിന് അന്ത്യോപചാരമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us