ചാണകം മുതല്‍ സ്വര്‍ണം വരെയിനി വാട്സ്ആപ്പില്‍!

വാങ്ങാനും വില്‍ക്കാനു൦ ഗ്രാമത്തിലെ ഡിജിറ്റല്‍ ചന്തയായി സ്പന്ദനം നവമാധ്യമക്കൂട്ടായ്മ. രണ്ടുഗ്രാമങ്ങളിലെ നാടന്‍ കച്ചവടത്തിനായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചാണ് ഡിജിറ്റല്‍ ചന്ത പദ്ധതി വിജയിപ്പിച്ചത്.
എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരിയിലെയും വരവൂര്‍ പഞ്ചായത്തിലെ തിച്ചൂരിലെയും ജനങ്ങളാണ് ഡിജിറ്റല്‍ ചന്തയുടെ ഗുണഭോക്താക്കള്‍.
വീട്ടിലുള്ള ചാണകം മുതല്‍ സ്വര്‍ണം വരെ വില്‍ക്കാന്‍ ഈ ഗ്രൂപ്പിലൂടെ സാധിക്കും.  സ്ഥാപനങ്ങളുടെയും അവരുടെ ഉത്പന്നങ്ങളുടെയും പരസ്യം കൊടുക്കാനും ഗ്രൂപ്പിലൂടെ സാധിക്കും.
വില്‍ക്കാനുള്ള സാധനത്തിന്‍റെ പ്രത്യേകതയും വിലയും മാത്രമാണ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുക. മറ്റുചര്‍ച്ചകള്‍ സ്വകാര്യമായി നടത്തണം. കച്ചവടം ഉറപ്പായാല്‍ വിറ്റുപോയെന്ന് അറിയിപ്പ് ലഭിക്കും.
വീടുകളില്‍ പാഴാക്കിക്കളയുന്ന സാധനങ്ങളില്‍ നിന്ന് വരുമാനം ലഭിച്ചുതുടങ്ങിയതോടെ ഗ്രാമീണരുടെയും കര്‍ഷകരുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറാന്‍ ഗ്രൂപ്പിനായി.
ഗ്രൂപ്പിന്‍റെ പരിധിയിലെ ജോലിക്കാരെ തേടുന്നതിനും നാട്ടുകാര്‍ ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. വിപണി കണ്ടെത്താന്‍ കഴിഞ്ഞതോടെ പച്ചക്കറിക്കര്‍ഷകരെ വീണ്ടും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ ഗ്രൂപ്പിനായിട്ടുണ്ട്.
രണ്ടുഗ്രാമങ്ങളിലെ പ്രധാന മേഖലകളില്‍നിന്നുള്ള പ്രാതിനിധ്യം ഉറപ്പിച്ചാണ് ഗ്രൂപ്പിലെ 210 അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. തിച്ചൂര്‍ സുരേഷ്, രാഖില്‍ രവീന്ദ്രന്‍, സി.വി. കൃഷ്ണകുമാര്‍, പി.വി. പ്രശാന്ത്, വി.എസ്. മുരളീധരന്‍, സജി മേക്കാട്, കെ.ആര്‍. സതീശന്‍, വി.ടി. സുരേഷ്, കെ.ആര്‍. രാഹുല്‍ എന്നിവരാണ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്.
അനാവശ്യമായ ഒരുസന്ദേശം വന്നാല്‍ ആ അംഗം ഗ്രൂപ്പില്‍നിന്ന് പുറത്താകുമെന്ന കര്‍ശനമായ നിബന്ധനയുണ്ട്. കച്ചവടം ഒഴികെ മറ്റുചര്‍ച്ചകളൊന്നും ഈ ഗ്രൂപ്പിലില്ലെന്നത് പ്രത്യേകതയാണ്. തിച്ചൂര്‍ സ്വദേശി സുരേഷ് തെക്കേക്കരയാണ് സ്പന്ദനം ഗ്രൂപ്പിന്‍റെ ചാലകശക്തി. റിമോട്ട് ഗേറ്റ് നിര്‍മാതാവായ സുരേഷ് മദമിളകുന്ന ആനയെ പിടിച്ചുനിര്‍ത്തുന്ന യന്ത്രം കണ്ടുപിടിച്ച് ശ്രദ്ധനേടിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us