കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. രണ്ടു തവണ ജേതാക്കളായ എടിക്കെയെ സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. കളി ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കെയാണ് 89ാം മിനിറ്റില്‍ ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ജസിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് നിര്‍ണാക ഗോള്‍ നേടിയത്. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബോര്‍ജസ് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലീഗില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഒരു ഇന്ത്യന്‍ താരം സ്‌കോര്‍ ചെയ്യുന്നത്.
തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് ഹോംഗ്രൗണ്ടില്‍ എടിക്കെയ്ക്ക് അടിതെറ്റുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു എടിക്കെ പരാജയപ്പെട്ടിരുന്നു. കളിയുടെ 33ാം മിനിറ്റില്‍ സേന റാല്‍റ്റെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായതിനെ തുടര്‍ന്ന് 10 പേരെ വച്ചായിരുന്നു എടിക്കെ പൊരുതിയത്. അംഗബലത്തിലെ ഈ ആനുകൂല്യം നോര്‍ത്ത് ഈസ്റ്റ് ശരിക്കും മുതലെടുക്കുകയും ചെയ്തു.
മികച്ചൊരു മാര്‍ജിനില്‍ തന്നെ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ എടിക്കെ പ്രതിരോധനിരയുടെ തകര്‍പ്പന്‍ പ്രകടനം നോര്‍ത്ത് ഈസ്റ്റിനെ തടയുകയായിരുന്നു. ഒടുവില്‍ 89ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച ഗോളും വിജയവും സ്വന്തമാക്കുകയായിരുന്നു. ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.