ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന പാകിസ്ഥാനില്‍ പരിഹാരത്തിനായി മുന്‍ പ്രധാന മന്ത്രിയുടെ എരുമകളെ വിറ്റു. പാചകാവശ്യത്തിനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് സര്‍ക്കാര്‍ വിറ്റത്.
മൂന്ന് എരുമകളെയും അഞ്ച് എരുമക്കുട്ടികളെയും ലേലത്തിന് വെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഇമ്രാന് ഖാന് സര്‍ക്കാര്‍ സമാഹരിച്ചതാകട്ടെ 23,02,000 രൂപയും.
അതേസമയം, ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്.
അതേസമയം എരുമകളെ വാങ്ങിയവരെല്ലാം മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ട്. 3.85 ലക്ഷം രൂപ മുടക്കി ഒരു എരുമയെ വാങ്ങിയത് ഷരീഫിന്റെ അനുയായി ഖൽബ് അലിയാണ്.
2.15 ലക്ഷം, 2.7 ലക്ഷം എന്നിങ്ങനെ വിലയുള്ള രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് പാകിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് പ്രവർത്തകൻ ഫഖർ വറൈച്ചാണ്. 1.82 ലക്ഷം രൂപ മുടക്കിയാണ് മറ്റൊരാൾ അവസാനത്തെ എരുമക്കുട്ടിയെ സ്വന്തമാക്കിയത്.
കടക്കെണിയെ തുടർന്ന് രാജ്യത്തെ അധിക ചിലവുകളെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് വസതിയിലെ എരുമകളെ വിറ്റതെന്ന് ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള 100 ഓളം ആഡംബര കാറുകൾ ഇമ്രാൻ ഖാൻ ലേലം ചെയ്തിരുന്നു. ഇതുകൂടാതെ ഉപയോഗിക്കാതെ വച്ചിരുന്ന നാല് ഹെലികോപ്റ്ററുകളും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.