കൊച്ചിയിൽ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടിയാണ്.
കരുത്തും മെയ്വഴക്കവുമൊന്നും കണ്ടല്ല മജിസിയയെ ആളുകള്‍ ശ്രദ്ധിച്ചത്. അതിനു പിന്നിൽ മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വേഷമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചാണ് മജിസിയ സ്റ്റേജിലെത്തിയത്.
23 കാരിയായ മജീസിയ ഭാനു മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ അഞ്ചു പേരെ പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ, ‘ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍’ എന്ന ലേബലും മജിസിയയ്ക്ക് ലഭിച്ചു.
മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മജിസിയ ആദ്യമായാണ് ബോഡി ബിൽഡിംഗ് രംഗത്തേക്കു ചുവട് വെക്കുന്നത്. പ്രഥമ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പവർ ലിഫ്റ്റിംഗാണ് മജിസിയയുടെ പ്രധാന മത്സര ഇനം. 2017ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യയ്ക്കു വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയ മജീസിയയുടെ അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പാണ്.കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി മണവാട്ടി സ്റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുള്‍ മജീദിന്റെയും റസിയയുടെയും മകളാണ് മജിസിയ.
ശരീര പ്രദർശനത്തിന് മുൻതൂക്കം നൽകപ്പെടുന്ന ഇത്തരമൊരു മത്സരത്തിൽ ഹിജാബ് ധരിച്ച് എങ്ങനെ പങ്കെടുക്കുമെന്ന് ആശങ്കപ്പെട്ടിരുന്നെന്നും എന്നാൽ പ്രതിശ്രുത വരന്റെ പിന്തുണയാണ് മിസ്റ്റർ കേരള മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായതെന്നും മജിസിയ പറയുന്നു.
അമേരിക്കൻ-അഫ്ഗാൻ പൗരനായ നൂർ അഹമ്മദ് കോഹൻ അലിസേയ് ആണ് മജിസിയയുടെ പ്രതിശ്രുത വരൻ. അലിസേയ് അയച്ചു കൊടുത്ത അന്താരാഷ്ട്ര മത്സരങ്ങളിൽ ഹിജാബ് ധരിച്ച് പങ്കെടുക്കുന്ന മുസ്ലിം സ്ത്രീകളുടെ ഫോട്ടോ കണ്ടപ്പോഴാണ് തനിക്കും പങ്കെടുക്കാനാകുമെന്ന ആത്മവിശ്വാസം ലഭിച്ചതെന്ന് ഈ പെൺകുട്ടി പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.