ബെംഗളൂരു: നാലുവർഷത്തിനിടെ നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത് 3250 ജീവനുകളെന്ന് ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്ക്. 18, 694 പേർക്ക് വാഹനാപകടങ്ങളിൽ പരിക്കേറ്റു.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങളും വാഹനാപകടങ്ങളും കുറയ്ക്കാൻ ബെംഗളൂരു പോലീസ് ഒട്ടേറെ നടപടികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ആശങ്കയുയർത്തുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2014 മുതൽ 2018 ജൂൺ 30 വരെയുള്ള നാലുവർഷത്തെ കണക്കാണിത്.
കാർ യാത്രക്കാരാണ് അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ കൂടുതലും. ഇക്കാലയളവിൽ 511 കാർ യാത്രികരാണ് മരിച്ചത്. തൊട്ടുപിന്നിൽ ലോറികളാണ്.
458 പേർ ലോറി അപകടങ്ങളിൽ കൊല്ലപ്പെട്ടു. 458 പേരാണ് ഇരുചക്ര വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ചത്. 352 പേർ അജ്ഞാത വാഹനങ്ങൾ തട്ടിയാണ് മരിച്ചത്. അതിവേഗവും ഗതാഗത നിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് പറയുന്നു.
ഇരുചക്ര വാഹനാപകടങ്ങളിൽ മരണനിരക്ക് കുറവാണെങ്കിലും ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടിയവരുടെ എണ്ണം ചെറുതല്ല. ഇരുചക്ര വാഹനങ്ങളുടെ പുറകിൽ യാത്രചെയ്യുന്നവരാണ് പരിക്കേൽക്കുന്നവരിൽ ഏറെയും.
ഗുണനിലവാരമില്ലാത്ത ഹെൽമെറ്റ് ധരിക്കുന്നതും ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നതും അപകടനിരക്ക് ഉയർത്തുകയാണ്. കാർ, ലോറി അപകടങ്ങളിൽ മദ്യപിച്ചുള്ള വാഹനമോടിക്കലും വില്ലനാണ്. ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത് രാത്രിയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം റോഡപകടനിരക്ക് കുറയ്ക്കാൻ ബെംഗളൂരു ട്രാഫിക് പോലീസ് ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. വാഹനത്തിന്റെ വേഗത വ്യക്തമാക്കുന്ന ക്യാമറ ഘടിപ്പിച്ച ബോർഡ് ഡിവൈഡറുകളിൽ സ്ഥാപിക്കുന്നതാണ് അതിലൊന്ന്. ഘട്ടം ഘട്ടമായി നഗരത്തിലെ മുഴുവൻ റോഡുകളിലും ഇത്തരം ബോർഡുകൾ സ്ഥാപിക്കും. സ്വന്തം വാഹനത്തിന്റെ വേഗതയെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്കെതിരേ കർശന നടപടികളെടുക്കുന്നതും ആലോചനയിലാണ്. നിലവിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന് പോലീസിനുള്ളിൽ തന്നെ അഭിപ്രായമുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെയായിരിക്കും പരിശോധന. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയുള്ള പരിശോധനയും കർശനമാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.