ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പിടിവാശിയില്ലെന്ന് രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും മമത ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ വിയോജിപ്പില്ലയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയോ ബി എസ് പി നേതാവ് മായാവതിയെയോ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി ജെ പിയെയും ആര്‍ എസ് എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലും ബിഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് 2019 തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നും രാഹുല്‍ പറഞ്ഞു. ഇതിനായി ഉത്തര്‍ പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രധാനമന്ത്രി പദവിയിലേക്കുള്ള പോരാട്ടത്തില്‍ രാഹുല്‍ തനിച്ചല്ലെന്ന് പ്രഖ്യാപിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചിരുന്നു കണ്ടെത്തുമെന്നാണ് തേജസ്വി പട്‌നയില്‍ അറിയിച്ചത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍സിപി നേതാവ് ശരദ് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയ നേതാക്കളുണ്ട്. ഐക്യപ്രതിപക്ഷം നാമനിര്‍ദേശം ചെയ്യുന്ന ഏതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും ആര്‍ജെഡി പിന്തുണയ്ക്കും. പ്രധാനമന്ത്രി പദം ഒരു വിഷയമല്ല, രാജ്യത്തെ ബാധിക്കുന്ന മറ്റു നിരവധി വിഷയങ്ങളുണ്ടെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു.
ഭരണഘടനയെ സംരക്ഷിക്കുന്ന നേതാവിനെയായിരിക്കണം പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി പദവിയിലേക്കു കൊണ്ടുവരേണ്ടത്. രാഹുല്‍ ഗാന്ധി ചിലപ്പോള്‍ പ്രധാനമന്ത്രി ആയേക്കാം. ബിജെപി ഇതര വിശാലസഖ്യത്തിനായി രാഹുല്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരണമെന്നും തേജസ്വി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.