ചെന്നൈ: സ്ഥലം മാറ്റം കിട്ടി യാത്ര പറയാന്‍ എത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് പോകാന്‍ അനുവദിക്കാതിരുന്നതിന്റെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. തമിഴ്നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ജി.ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് കരഞ്ഞത്.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കണക്കിലെടുത്ത് സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഭഗവാന്റെ സ്ഥലം മാറ്റം റദ്ദാക്കിയതല്ല, സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്ന് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മാത്രമല്ല വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഭഗവാന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കുട്ടികള്‍ കരഞ്ഞ് ബഹളം വെച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് 10 ദിവസത്തേക്ക് ഭഗവാന്റെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധ്യാപകന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ സ്ഥലം മാറ്റം റദ്ദാക്കുകയല്ല, താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുയാണ്.
കുട്ടികളുടെ പേടി സ്വപ്നമായ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പള്ളിപ്പട്ട് സ്കൂളില്‍ നാലു വര്‍ഷം മുന്നെ എത്തിയ ഭഗവാന് കളിയും ചിരിയും കഥയും കവിതയുമായി കുട്ടികളുടെ പ്രിയങ്കരനായി. പയ്യെ പയ്യെ അധ്യാപകനെ സ്നേഹിച്ചത് പോലെ കുട്ടികള്‍ ഇംഗ്ലീഷിനെയും സ്നേഹിച്ച് തുടങ്ങി. ഭഗവാനെത്തിയത്തിനു ശേഷം നാല് വര്‍ഷവും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ കുട്ടികളും ഇംഗ്ലീഷിന് പാസായി.
ഇതിനിടെയാണ് തിരുത്തണി അറുംകുളം ഹൈസ്ക്കൂളിലേക്ക് ഭഗവാന് സ്ഥലം മാറ്റം ലഭിക്കുന്നത്. സ്ഥലം മാറി പോകാനൊരുങ്ങിയ അധ്യാപകനെ വട്ടം ചുറ്റി പിടിച്ചു പൊട്ടിക്കരഞ്ഞ വിദ്യാര്‍ത്ഥികള്‍ ഭഗവാനെ സ്കൂളില്‍ നിന്നു പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഭഗവാനെ മാറ്റിയാല്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും രംഗത്തെത്തിയതോടെ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.