ബെംഗളൂരു : ഭരണ സൗകര്യത്തിനായി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യെ അഞ്ച് കോർപറേഷനായി തിരിക്കണമെന്നു സർക്കാരിനു മൂന്നംഗ ബിബിഎംപി റീസ്ട്രക്ചറിങ് കമ്മിറ്റിയുടെ ശുപാർശ. ഇതുവഴി ബെംഗളൂരുവിനെ വിഭജിക്കുകയല്ല, വികേന്ദ്രീകൃതമായ മൂന്നുതല ഭരണത്തിലൂടെ നഗര സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും മുൻ ചീഫ് സെക്രട്ടറിയും സമിതി ചെയർമാനുമായ ബി.എസ്.പാട്ടീൽ പറഞ്ഞു. കോർപറേഷൻ എത്ര വേണമെന്നതു സർക്കാരിന്റെ വിവേചനാധികാരമാണ്. മൂന്ന് അല്ലെങ്കിൽ അഞ്ച് കോർപറേഷനായി തിരിക്കുകയാണ് അഭികാമ്യം. ‘ബ്രാൻഡ് ബെംഗളൂരു’ പ്രതിച്ഛായ നിലനിർത്താൻ എല്ലാ കോർപറേഷനിലും നഗരത്തിന്റെ പേര് നിർബന്ധമാക്കും.
ഭരണ സൗകര്യത്തിനായി ബെംഗളൂരു സർവകലാശാലയെ മൂന്നായി വിഭജിച്ചതുപോലെ ബിബിഎംപിയിലും വികേന്ദ്രീകൃത ഭരണം വേണമെന്നു നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ ‘കേക്ക്’ മുറിക്കും പോലെ മഹാനഗരസഭയെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നു ഉപമുഖ്യമന്ത്രി ജി.പരമേശ്വര കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ബിബിഎംപിയെ വിഭജിക്കലല്ല, പുനഃസംഘടിപ്പിക്കലാണ് ഉദ്ദേശിക്കുന്നതെന്നു സമിതി അംഗങ്ങൾ പറഞ്ഞു. നിലവിൽ 198 വാർഡുകളുള്ള ബിബിഎംപിയുടെ അധികാര പരിധി 712 ചതുര്രശ കിലോമീറ്ററാണ്. ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗര ഭരണം ബിബിഎംപിയെന്ന ഒറ്റ ഭരണസമിതിക്കു കീഴിൽ കാര്യക്ഷമമാകില്ല. നിലവിൽ വസ്തുനികുതി പിരിവു പോലും കാര്യക്ഷമമല്ലെന്നു സമിതി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സമിതിയുടെ പ്രധാന ശുപാർശകൾ
1) വാർഡ്തല സമിതി, കോർപറേഷൻ, ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപറേഷൻ(ജിബിഎ) എന്നിങ്ങനെ മൂന്നുതല ഭരണം വേണം.
2) ബിബിഎംപിയെ അഞ്ചു കോർപറേഷനായി തിരിക്കുക.
3)കോർപറേഷനുകൾക്കു മുകളിൽ മേയറും 40 അംഗ കൗൺസിലും ഉൾപ്പെടുന്ന ജിബിഎ വേണം. 4 ബെംഗളൂരു വികസനമന്ത്രി, നഗരത്തിലെ എംഎൽഎമാർ,
5) അഞ്ചു കോർപറേഷനിലെയും പ്രതിനിധികൾ, ബിഡിഎ, ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം, ട്രാഫിക് പൊലീസ് തുടങ്ങിയവയിലെ പ്രതിനിധികളും ജിബിഎയുടെ ഭാഗമായിരിക്കും. 6)വാർഡ്തല സമിതികളിൽ പ്രാദേശിക കോർപറേറ്റർ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, വിദഗ്ധസമിതി എന്നിവയുണ്ടാകും.
7 )∙നിലവിലെ 198 വാർഡുകൾ, 400 ആയി ഉയർത്തണം. ∙
8) ഭരണം കാര്യക്ഷമമാക്കാൻ ബെംഗളൂരുവിനു പ്രത്യേക നിയമം വേണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.