മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനുള്ള സാങ്കേതിക സാധ്യതാപഠനം തുടങ്ങി.

ബെംഗളൂരു : മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനി ബെംഗളൂരുവിൽ സാങ്കേതിക സാധ്യതാപഠനം തുടങ്ങി. ആനേക്കൽ ചിക്കനാഗമംഗലയിൽ വേസ്റ്റ്–ടു–എനർജി പ്ലാന്റ് സ്ഥാപിക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യും ഫ്രാൻസിലെ 3വേയ്സ്റ്റ് കമ്പനിയും മൂന്നുമാസം മുൻപാണ് ധാരണയായത്. വേർതിരിക്കാത്ത മാലിന്യത്തിൽ നിന്നു ജൈവ മാലിന്യവും അല്ലാത്തവയും തിരിച്ചെടുക്കാനാകുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റോബർട്ട് ഫിലിപ് പറഞ്ഞു.

നഗരമാലിന്യത്തിൽ 90 ശതമാനവും വൈദ്യുതിയോ ജൈവ വളമോ വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃത പദാർഥങ്ങളോ ആയി മാറ്റിയെടുക്കാൻ കഴിയും. ഏതൊരു സർക്കാരും പ്രാദേശിക ഭരണകൂടവും പ്രധാന പരിഗണന നൽകുന്ന മാലിന്യ നിർമാർജനത്തിൽ മറ്റു നഗരങ്ങൾക്കു മാതൃകയാകാനും ബെംഗളൂരുവിനു പദ്ധതിയിലൂടെ സാധിക്കുമെന്നു റോബർട്ട് ഫിലിപ് പറഞ്ഞു. ഫ്രാൻസിലെ സാങ്കേതികവിദ്യ ബെംഗളൂരുവിലെ സാഹചര്യങ്ങളുമായി യോജിക്കുമോ എന്നതും ഇവ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക–സാമൂഹിക ആഘാതങ്ങളെക്കുറിച്ചുമാണ് പഠനം നടത്തുന്നത്.

വിജയിച്ചാൽ ഇതു ബെംഗളൂരുവിലെ മാലിന്യസംസ്കരണ പ്രശ്നത്തിനു വലിയ പരിഹാരമാകുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ട്രെ സീഗ്ലർ പറഞ്ഞു. കരാർ അനുസരിച്ച് പ്ലാന്റ് സ്ഥാപിക്കാൻ ചിക്കനാഗമംഗലയിൽ ബിബിഎംപി 15 ഏക്കർ ഭൂമി 30 വർഷത്തേക്കു പാട്ടത്തിനു നൽകും. 250 കോടി രൂപയാണ് കമ്പനിയുടെ നിക്ഷേപം. പ്ലാന്റ് പൂർത്തിയായാൽ ബിബിഎംപി ദിവസേന 300 ടൺ വേർതിരിക്കാത്ത മാലിന്യം നൽകണം. 200 ടൺ മാലിന്യം മറ്റിടങ്ങളിൽനിന്നുമായും പ്ലാന്റിലെത്തും.

പ്രവർത്തനം തുടങ്ങിയാൽ ദിവസേന ഏഴു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. സാധ്യതാ പഠനത്തിനു മുന്നോടിയായി നടന്ന യോഗത്തിൽ കമ്പനി പ്രതിനിധികൾക്കും ഫ്രഞ്ച് അംബാസഡറിനും പുറമെ ബിബിഎംപി കമ്മിഷണർ മഹേശ്വര റാവു, ജോയിന്റ് കമ്മിഷണർ (വേസ്റ്റ് മാനേജ്മെന്റ്) സർഫറാസ് ഖാൻ, മേയർ ആർ. സമ്പത്ത്‌രാജ് എന്നിവരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us