ബംഗളൂരു: കർണാടകയിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടുന്നു. നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പിനു ശേഷമാണ് വിശ്വാസവോട്ടെടുപ്പ് നടക്കുക. ഇന്ന് ഉച്ചയ്ക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്.
ബംഗളൂരു നഗരത്തിൽനിന്നുള്ള എംഎൽഎയായ സുരേഷ്കുമാർ അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.ആർ. രമേശ്കുമാറും എസ്. സുരേഷ്കുമാറും ഇന്നലെ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15നാണു തെരഞ്ഞെടുപ്പ്. 1994-1999 വരെ കർണാടക സ്പീക്കറായിരുന്നു കെ.ആർ. ര മേശ്കുമാർ.
വിശ്വാസ വോട്ടെടുപ്പിനു ശേഷം മാത്രമായിരിക്കും കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാർ സ്വതന്ത്രരാവുക. കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.
അവസാനിമിഷംവരെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമം നടക്കുമെന്നതിനാൽ കോൺഗ്രസ് എംഎൽഎമാരെ നഗരത്തിലെ ഹിൽട്ടൺ എംബസി ഗോൾഫ് ലിങ്ക്സിലാണ് പാർപ്പിച്ചിരിക്കുന്നത്. നഗരത്തിനു പുറത്ത് ദേവനഹള്ളിയിലെ പ്രസിദ്ധമായ ഗോൾഫ്ഷെയർ റിസോർട്ടിൽ ജനതാദൾ എംഎൽഎമാരും. വിശ്വാ സവോട്ടെടുപ്പ് വരെ എംഎൽഎമാർ റിസോർട്ടിൽ തുടരുമെന്നാണ് ഇരുപാർട്ടികളുടെയും നേതൃത്വം പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.