ബെംഗളൂരു : മലയാളി വെബ്ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കാവൽബൈരസന്ദ്രയിൽ താമസിക്കുന്ന തൃശൂർ അയ്യന്തോൾ ഒളരി തറയിൽ ടി.എൽ. സോമന്റെ മകൻ ടി. റിൻസനെ (23) കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശികളായ ധിമാൻശങ്കർ ദാസ് (ദീപക്– 26), അരൂപ്ശങ്കർ ദാസ് (36), ഒഡീഷ സ്വദേശി ഭരത് പ്രധാൻ (22) എന്നിവരെയാണ് ഡിജെ ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 18നു ബെംഗളൂരുവിൽനിന്നു കാറുമായി കാണാതായ റിൻസന്റെ മൃതദേഹം തമിഴ്നാട്ടിൽ ഹൊസൂർ ഭദ്രാപ്പള്ളിയിലെ സ്കൂളിനു സമീപത്തെ ഓടയിലാണ് കണ്ടെത്തിയത്.
റിൻസനുമായി ഇവർക്കു പരിചയം ഇല്ലെന്നും കാർ തട്ടിയെടുക്കാൻ വേണ്ടിയാണ് ക്രൂരകൃത്യം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. ടോൾ പ്ലാസകളിലെ സിസി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് റിൻസൻ കാറിൽ മൂന്നുപേർക്കൊപ്പം പോകുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സമീപകാലത്ത് ആർഎംസി യാഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും ഇവർ പ്രതികളാണെന്നു പൊലീസ് സംശയിക്കുന്നു.
വാഹനം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ മൂവരും മാർച്ച് 18നു രാത്രി കെഎച്ച്ബി റോഡിൽ കാബുകൾക്കു കൈകാണിച്ചു. എന്നാൽ ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന ആവശ്യം വിസമ്മതിച്ചതിനാൽ മൂന്നു കാബ് ഡ്രൈവർമാർ ഇവരെ ഒഴിവാക്കി. ഇതിനു പിന്നാലെയെത്തിയ റിൻസൻ ഇവരുടെ ചതിയിൽപ്പെടുകയായിരുന്നു. ഓൺലൈൻ ബുക്കിങ്ങില്ലാതെ യാത്ര പോകാൻ സമ്മതിച്ച റിൻസനോട് ഹൊസൂരിൽ എത്തിച്ചാൽ 1500 രൂപ നൽകാമെന്ന് ഇവർ പറഞ്ഞു.
ഇതേ തുടർന്നു വെബ്ടാക്സിയുടെ ആപ്പ് റിൻസൻ ഓഫ് ചെയ്ത് ഇവരെയും കൊണ്ട് ഹൊസൂരിലേക്കു തിരിച്ചു. പിറ്റേന്നു പുലർച്ചെ ഹൊസൂരിൽ ഇവരെയെത്തിച്ചു. വിജനമായ സ്ഥലത്തു കാർ നിർത്താൻ ഇവർ ആവശ്യപ്പട്ടു. അപകടം മണത്ത, റിൻസൻ വാഹനം നിർത്താൻ വിസമ്മതിച്ചു. തുടർന്നു സർക്കാർ സ്കൂളിനു മുന്നിലെത്തിയപ്പോൾ ഇവർ യാത്ര അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. വാഹനം നിർത്തിയ ഉടൻ മൂവരും ചേർന്നു റിൻസനെ കീഴ്പ്പെടുത്തി.
പിന്നിലിരുന്ന ദീപക് ടവ്വൽ കഴുത്തിൽച്ചുറ്റി റിൻസനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്നു മൃതദേഹം ഓടയിൽ തള്ളിയ ഇവർ കാറുമായി കടന്നുകളഞ്ഞു. റിൻസന്റെ രണ്ടു മൊബൈൽ ഫോണും തട്ടിയെടുത്തു. മൃതദേഹം പിറ്റേന്നു കണ്ടെത്തിയ കൃഷ്ണഗിരി പൊലീസ് ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ഒരാഴ്ചയ്ക്കുശേഷം ബെംഗളൂരു പൊലീസ് എത്തിയാണ് മൃതദേഹം റിൻസന്റേതാണെന്നു സ്ഥിരീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.