മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങുന്നു.

ബെംഗളൂരു : മകൾക്കു ബിജെപി സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യ സ്ഥാനാർഥി പട്ടികയിൽ മകൾക്ക് ഇടം ലഭിക്കാത്തതാണ് എസ്.എം.കൃഷ്ണയെ പ്രകോപിപ്പിച്ചത്. അടുത്തപട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കിൽ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

കോൺഗ്രസിലേക്കു മടങ്ങുന്നതു സംബന്ധിച്ചു മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ വർഷമാദ്യം കോൺഗ്രസിൽനിന്നു രാജിവച്ച കൃഷ്ണ രണ്ടുമാസത്തിനു ശേഷമാണു ബിജെപിയിൽ ചേർന്നത്. എന്നാൽ, ബിജെപിയിൽ പദവിയൊന്നും ലഭിച്ചിരുന്നുമില്ല. ബിജെപിയിൽ ചേർന്നതിനു പിന്നാലെ കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

കൃഷ്ണയുടെ ബിജെപി ബാന്ധവത്തിന് ഒരു വയസ് പൂർത്തിയായതിനു തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്. 50 വർ‌ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാർച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് അംഗത്വം നൽകിയത്.

എൺപത്തിനാലുകാരനായ കൃഷ്ണ 1968ൽ മണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്നു മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു. കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാന കോൺഗ്രസുമായി പലകാര്യങ്ങളിലും അത്ര  ചേർച്ചയിലായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us