ന്യൂഡൽഹി: ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഒരേ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിൽ ഒരാൾ തന്നെ മത്സരിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ഒരു മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്.
അതുകൂടാതെ ഇത്തരം നടപടി രാജിവയ്ക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരോട് ചെയ്യുന്ന അനീതിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലാത്തപക്ഷം സ്ഥാനം രാജിവയ്ക്കുന്ന ജനപ്രതിനിധിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിന് വേണ്ട ചിലവ് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലങ്ങൾക്ക് അഞ്ച് ലക്ഷവും ലോക്സഭാ മണ്ഡലങ്ങൾക്ക് പത്ത് ലക്ഷവും രാജി വയ്ക്കുന്ന ജനപ്രതിനിധിയില്‍നിന്നും ഈടാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
2004, 2016 വർഷങ്ങളിലും രണ്ടു മണ്ഡലങ്ങളിൽ ഒരാൾ തന്നെ മത്സരിക്കുന്ന രീതി ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സര്‍ക്കാരുകള്‍ ഇത് പരിഗണിച്ചില്ല എന്നത് വാസ്തവം. ഇപ്പോള്‍ ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരമ വ്യവസ്ഥകൾ മാറ്റേണ്ടിയിരിക്കുന്നുവെന്നും പൊതുഖജനാവിൽ നിന്നുള്ള പണം നഷ്ടമാകാൻ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ആറാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ സുപ്രീംകോടതി ഈ വിഷയം സംബന്ധിച്ച ഹർജിയിൽ വിധി പറയുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പല പ്രമുഖ നേതാക്കളും രണ്ടു സീറ്റില്‍ മത്സരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.