ബെംഗളൂരു ∙ എച്ച്എസ്ആർ ലേഔട്ടിലെ സൈക്കിൾ ട്രാക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ. മേയ് ആദ്യത്തോടെ 15 കിലോമീറ്റർ വരുന്ന ട്രാക്ക് തുറന്നുകൊടുക്കും. ബിബിഎംപിയും അർബൻ ലാൻഡ് ട്രാൻസ്പോർട്ട് വിഭാഗവും ചേർന്ന് 18 കോടിരൂപ ചെലവഴിച്ചു നിർമിച്ച ട്രാക്കിന്റെ നിർമാണം രണ്ടുവർഷം മുൻപാണ് ആരംഭിച്ചത്. സൈക്കിളുകൾക്ക് മാത്രമുള്ള പാതയിൽ മറ്റുവാഹനങ്ങൾ കയറാതിരിക്കാൻ ബാരിക്കേഡും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നഗരത്തിൽ ആദ്യമായാണ് ഒരുലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിൾ യാത്രക്കാർക്കായി പ്രത്യേകപാത നിർമിക്കുന്നത്. വെബ്ടാക്സി മാതൃകയിൽ വിവിധ കമ്പനികൾ സൈക്കിൾ ഷെയറിങ് പദ്ധതിയുമായി നഗരത്തിൽ സജീവമായ സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സൈക്കിൾ ട്രാക്ക് സ്ഥാപിക്കാൻ ബിബിഎംപി ആലോചിക്കുന്നുണ്ട്. എന്നാൽ തിരക്കേറിയ റോഡിൽ സ്ഥലലഭ്യതയാണ് സൈക്കിൾ ട്രാക്ക് പദ്ധതിക്ക് തടസ്സം. മൈസൂരുവിലെ ‘ട്രിൻ ട്രിൻ സൈക്കിൾ പദ്ധതി’ മാതൃകയിൽ ബെംഗളൂരുവിലും കുറഞ്ഞ നിരക്കിൽ സൈക്കിൾ ഷെയറിങ് പദ്ധതി ആരംഭിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്.