ടിപ്പു സുല്‍ത്താന്റെ ചരിത്രം അന്വേഷിച്ചു പോവുന്നവര്‍ മൈസൂരും ശ്രീരംഗ പട്ടണവും മാത്രം സന്ദര്‍ശിച്ചാല്‍ പോരാ ..! ഇവിടെ ദേവനഹള്ളിയിലും വരണം …! ഹൈദറിന്റെ ‘ സൗഭാഗ്യ സുമം’ വിരിഞ്ഞത് ഇവിടെ ….!

ദുഖകരമായ നാടകീയത നിറഞ്ഞ അസാധാരണമായ ഒരു ജീവിതം ….!
മൈസൂര്‍ സുല്‍ത്താന്റെ ജീവിതത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം വസ്തുതകളുമായി ഇഴുകി ചേരുന്ന ഓരോ ചരിത്രാന്വേഷകര്‍ക്കും ആ ജീവിതം ആകര്‍ഷകമാവുന്ന ഘടകം ഇതൊക്കെയാവാം …അദ്ദേഹത്തെ ഇസ്ലാം മത സംരക്ഷകനാക്കുന്ന വര്‍ണ്ണനകള്‍ ഒരു വശത്തും , ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ എഴുതിപിടിപ്പിച്ച കള്ളകഥകള്‍ മറുവശത്തും തകൃതിയായി പ്രചരിക്കുമ്പോള്‍ ഇന്നും ആ ജീവിതം വിവാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചകളിലൂടെ ഓര്‍മ്മിക്കപ്പെടുന്നു ….
എന്തായാലും അതവിടെ നില്‍ക്കട്ടെ …..! മൈസൂര്‍ ശ്രീരംഗ പട്ടണത്ത് സ്ഥിതി ചെയ്യുന്ന ദാരിയ ദൌലത്ത് ബാഗ് എന്ന ടിപ്പുവിന്റെ സമ്മര്‍ പാലസ് , അദ്ദേഹത്തിന്റെ ശവകുടീരം , തുടങ്ങി സുല്‍ത്താന്റെ ഭരണകാലത്ത് കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് ദിനം പ്രതി മലയാളികളടക്കം ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട് ….ബംഗലൂരുവില്‍ നിന്ന് ഏകദേശം 150 കിമി ദൂരമുണ്ട് മൈസൂരിലെക്ക് ….ഭരണകാലത്തെ ചരിത്ര സ്മാരകങ്ങളുടെ സിരാകേന്ദ്രമെന്ന നിലയ്ക്ക് അവിടെയ്ക്കാണ് ആളുകളുടെ ഒഴുക്ക് കൂടുതല്‍ ..എന്നാല്‍ ദേവനഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു വിന്റെ ജന്മസ്ഥലവും ,കോട്ടയും തീര്‍ച്ചയായും ഒരിക്കലെങ്കിലും കണ്ടിരിക്കണം …! ബംഗലൂരു വിമാനത്താവളത്തില്‍ നിന്ന് 35 കിമി ദൂരമാണ് ദേവനഹള്ളി എന്ന കൊച്ചു ഗ്രാമത്തിലേക്കുള്ളത് ….കൃഷി സ്ഥലങ്ങളും , വഴിയോര കച്ചവടക്കരുമൊക്കെയായ നിരവധി ഗ്രാമീണരേ നിങ്ങള്‍ക്ക് ദര്‍ശിക്കാന്‍ കഴിയും ….
ദേവനഹള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെറും അഞ്ചു മിനിറ്റ് നടന്നാല്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ,വിവിധ സാമ്രാജ്യങ്ങളുടെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശക്തി ദുര്‍ഗ്ഗം നിങ്ങള്‍ക്ക് കാണാന്‍ കഴിയും …മുന്നില്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണ ശിലാ ഫലകം നാട്ടിയിരിക്കുന്നെങ്കിലും കോട്ടയുടെ പല ഭാഗങ്ങളും കാണുമ്പൊള്‍ ചിലപ്പോള്‍ സഹതാപം തോന്നും ..പന്ത്രണ്ട് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന ഈ ചരിത്ര നിര്‍മ്മിതിക്കുള്ളില്‍ രഥങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന തരത്തിലാണ് വീഥിയോരുക്കിയിരിക്കുന്നത് ….!
പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച വേണു ഗോപാല സ്വാമി ക്ഷേത്രമാണ് ഉള്ളിലെ മറ്റൊരു പ്രത്യേകത ….! വിഷ്ണു പുരാണ കഥകളും .ഗരുഡ സ്തംഭവുമെല്ലാം മനോഹരമായി കൊത്തിവെച്ചിരിക്കുന്നത് കാണാം …ഈ കോട്ടയ്ക്ക് ഉള്ളിലായിരുന്നത്രേ ടിപ്പുവിന്റെ കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ദിവാന്‍ പൂര്‍ണ്ണയ്യയുടെ വസതി …! കോട്ടയുടെ സംരക്ഷണ മതില്‍ വലയം തീര്‍ത്തിരിക്കുന്ന ഭാഗത്തേയ്ക്ക് നടന്നാല്‍ പീരങ്കികള്‍ക്കും കാവല്‍ക്കാര്‍ക്കും വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങള്‍ ..അര്‍ദ്ധ വൃത്താകൃതിയില്‍ തീര്‍ത്ത 12 കേന്ദ്ര സ്ഥാനങ്ങള്‍ എന്നിവ ദൃശ്യമാണ് .. മഹാരാഷ്ട്ര -മൈസൂര്‍ യുദ്ധ പൊട്ടി പുറപ്പെട്ട സമയം സൈനീക നീക്കങ്ങളുടെ മറ്റൊരു കേന്ദ്രമായിരുന്നു ദേവനഹള്ളി കോട്ട ….തുടര്‍ന്ന്‍ അധികാരം മകന്‍ ടിപ്പുവിലെക്ക് വന്നു ചേരുകയായിരുന്നു …അവസാന ആഗ്ലോ -മൈസൂര്‍ യുദ്ധത്തില്‍ ലോര്‍ഡ്‌ കോണ്‍വാലിസ് (lord cornwallis) ആണ് ടിപ്പുവില്‍ നിന്ന കോട്ട പിടിച്ചെടുത്തത്.
കോട്ടയുടെ നിര്‍മ്മിതിയുടെ ചരിത്രം പരതിയാല്‍ 15 ആം നൂറ്റാണ്ടില്‍ ‘കൊഞ്ചിവരം ‘ എന്ന ഇന്നത്തെ കാഞ്ചിയില്‍ നിന്നും പലായനം ചെയ്ത ഒരു കുടുംബം , നന്ദി ഹില്‍സിന്റെ സമീപമുള്ള രാമസ്വാമി ബെട്ടയിലേക്ക് കുടിയേറി …അവരുടെ നേതാവായ രാണ ബൈര ഗൌഡ എന്ന മനുഷ്യന്‍ തന്‍റെ സമൂഹത്തിനു വേണ്ടി ഒരു നാട്ടു രാജ്യം കെട്ടിപ്പെടുക്കാന്‍ ആഗ്രഹിച്ചു …! തുടര്‍ന്ന്‍ അതിനുള്ള പ്രയത്നമായിരുന്നു …
അതിനു വേണ്ടി തന്റെ കുടുംബം ഇന്നത്തെ ഈ പ്രദേശങ്ങള്‍ക്ക് സമീപമുള്ള ‘ആവതി’ എന്ന ചെറു ഗ്രാമത്തിലേക്ക് താമസം മാറ്റി ..അദ്ദേഹത്തിന്റെ കാലശേഷം മകന്‍ മല്ല ബൈര ഗൌഡയാണ് ഇവിടെ ‘ദേവനഹള്ളി’ എന്ന സ്ഥലവും കോട്ടയുമൊക്കെ സ്ഥാപിച്ചു പിതാവിന്റെ സ്വപ്നം നിറവേറ്റിയത് ..ഇന്ന് കാണുന്ന ചിക്ബളാ പുര ,ദോഡ്ബളാ പുര എന്നീ പ്രദേശങ്ങള്‍ കൂടി സ്ഥാപിച്ചത് …ഈ തലമുറ ക്രെമേണ ബെംഗലൂരു നഗരത്തിന്റെ സ്ഥാപകനായ കേമ്പഗൌഡയില്‍ വന്നു ചേരും ….!
 കോട്ടയില്‍ നിന്നും ‘ജന്മ സ്ഥലത്തേയ്ക്ക്.
അസ്പഷ്ടതയുടെ മൂടല്‍ മഞ്ഞില്‍ അവ്യക്തമാണ് ടിപ്പുവിന്റെ ബാല്യം ..!അതുകൊണ്ട് ആ കാലഘട്ടത്തിലെ വിവരങ്ങള്‍  ചരിത്ര പുസ്തകളില്‍ വളരെ ചുരുക്കമാണെന്ന് പറയാം …!
1750 നവംബര്‍ 10 നാണു ടിപ്പു ഇവിടെ ഭൂജാതനായത് …!ഹൈദറിന്റെ രണ്ടാം ഭാര്യ ഫക്റുന്നിസ ബീഗമാണ് മാതാവ്‌ …വലിയ മത ഭക്തയായ ഭീഗം ടിപ്പുവിനെ ഗര്‍ഭം ധരിച്ച സമയം ദിവ്യനായ ‘ടിപ്പു മസ്താന്‍ ഔല്യ’ യുടെ ശവകുടീരം സന്ദര്‍ശിച്ചു..ഗര്‍ഭസ്ഥമായ ശിശു അവരുടെ പ്രാര്‍ത്ഥന പോലെ ആണ്‍ കുഞ്ഞായപ്പോള്‍ ക്രിതജ്ഞതാ സൂചകമായി ആ ദിവ്യ പുരുഷന്റെ പേര് നല്‍കി …!

(ടിപ്പു സുല്‍ത്താനെ കുറിച്ചു  പറയുമ്പോള്‍ അദ്ദേഹത്തിന് മരണം വരെ ഉണ്ടായിരുന്ന മാതൃ ഭക്തി പ്രത്യേകം പരാമര്‍ശിച്ചേ  തീരു …എന്നാല്‍ ആംഗലേയ വിദ്വാന്‍മാര്‍ എഴുതിയ ചരിത്രത്തില്‍ നല്ലത് പലതും സമര്‍ത്ഥമായി മൂടപ്പെട്ടു )

വലിയ കൊട്ടാരമോ …ഭവനമോ പ്രതീക്ഷിച്ചു നിങ്ങള്‍ അവിടെയ്ക്ക് തിരിച്ചാല്‍ നിരാശരാകും …! ചെറിയ ഒരു മതില്‍ കേട്ടിനുള്ളിലെ മണ്ഡപത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ജനന തിയതി കുറിച്ച ഒരു ശിലാ ഫലകവും ,ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണ ലാക്കാക്കിയുള്ള താക്കീത് നിറഞ്ഞ ഒരു ബോര്‍ഡും മാത്രമേ കാണാന്‍ ഉള്ളൂ ..എങ്കിലും ചരിത്ര സ്നേഹികള്‍ക്ക് അത് വല്ലാത്തൊരു അനുഭവമായിരിക്കുമെന്നത് തീര്‍ച്ചയാണു ….!!

ടിപ്പുവിന്റെ ഭരണകാലത്ത് ഈ കോട്ടയെ ‘യൂസഫാ ബാദ് ‘എന്ന്‍ നാമകരണം നടത്തിയെങ്കിലും ആ പേരില്‍ ഒരിക്കല്‍ പോലും ഈ കോട്ട പ്രശസ്തിയിലേക്ക് ഉയര്‍ന്നില്ല …. ഇന്ന് ഈ പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ സമീപം നിരവധി ക്ഷേത്രങ്ങളും ,പുരാതന നിര്‍മ്മിതിയിലുള്ള ചില കുളങ്ങളുമൊക്കെ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും … എപ്പോഴെങ്കിലും നിങ്ങള്‍ ദേവനഹള്ളിയില്‍ വന്നെത്തിയാല്‍ ഇവിടം സന്ദര്‍ശിക്കാതെ മടങ്ങരുത് ..!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us