പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതികളേയും ഒരു കോളേജ് അദ്ധ്യാപകന് അപമാനിച്ചതിലൂടെ സജീവ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ‘വത്തക്ക’ എന്ന പദം. അദ്ധ്യാപകന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകളും വ്യാപരിക്കുന്നതിനിടെ വത്തക്ക നല്കുന്ന ഔഷധ ഗുണങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും.
കടുത്ത വേനല്ചൂടിലൂടെ കടന്നുപോകുന്ന നമുക്ക് അല്പം ആശ്വാസം നല്കുന്ന തണുതണുത്ത വത്തക്കയ്ക്ക് നാം അറിയാത്ത പല ഗുണങ്ങളുമുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ?
വേനലില്‍ സുലഭമായ ഒരു ഭക്ഷ്യ വസ്തുവാണ് വത്തക്ക എന്നും അറിയപ്പെടുന്ന തണ്ണിമത്തന്. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കും. എന്നാല്‍ ഇതു മാത്രമല്ല, തണ്ണിമത്തന് വേറെയും ഔഷധ ഗുണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നവര്‍ക്ക് പോലും അറിയാത്ത 10 ഗുണങ്ങള്‍ ഇതാ…
- ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന പ്രധാന പഴവര്ഗ്ഗങ്ങളിലൊന്നാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
- തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
- ഇതില്‍ അടങ്ങിയിരിക്കുന്ന ധാരാളം ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
- പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്ന് പറയാം. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ ഫലത്തിന് കഴിയും.
- തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കും.
- തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന് കഴിയ്ക്കുന്നതിലൂടെ ലഭിക്കുന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിനും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വെള്ളം സഹായിക്കും.
- തണ്ണിമത്തനിലെ വൈറ്റമിന്‍ എ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്കുലാര്‍ ഡീ ജനറേഷന് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
- തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ശരീരത്തില്‍ കൂടുതലായി ഉണ്ടാകുന്ന അമോണിയ പുറന്തള്ളുന്നതിന് ഇത് സഹായകമാകും. അതിലൂടെ കിഡ്നി പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം.
- ഇതില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.
- തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.