സോള്‍: ഭരണകൂടത്തിന് എതിരായ ഭീഷണി ഒഴിവാകുന്നപക്ഷം ആണവ പരീക്ഷണവുമായി മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന നിലപാടുമായി ഉത്തര കൊറിയ. അമേരിക്കയുമായി ചര്‍ച്ച നടത്താനും ചര്‍ച്ച അവസാനിക്കുംവരെ ആണവ പരീക്ഷണം നിര്‍ത്തിവെക്കാനും തയ്യാറാണെന്നും ഉത്തര കൊറിയ പറയുന്നു. കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയ ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ സംഘത്തലവന്‍ ചുങ് ഉയി യോങ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതിനിടെ ആണവ പരീക്ഷണങ്ങള്‍ നടത്തില്ല. കഴിഞ്ഞ വര്‍ഷം നവംബറിനുശേഷം ആണവ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഉത്തര കൊറിയ ചൂണ്ടിക്കാട്ടി. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെക്കാലമായി അത്ര നല്ലതല്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും പരസ്പരം അധിക്ഷേപിക്കുകയും യുദ്ധഭീഷണി മുഴക്കുകയുംവരെ ചെയ്തിരുന്നു.
2011 ല്‍ അധികാരത്തിലെത്തിയ ഉടന്‍ കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായി ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്സില്‍ ഉത്തരകൊറിയന്‍ സംഘം പങ്കെടുത്തതോടെ കാലങ്ങളായി ബദ്ധവൈരികളായിരുന്ന ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയുടെ പ്രത്യേക പ്രതിനിധികള്‍ പ്യോങ് ചാങ്ങിലെത്തി. രണ്ടു ദിവസം നീണ്ട സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയയുടെ ആണവ പദ്ധതി പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും നടന്നത്.
ആണവ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുന്ന പ്രശ്മില്ലെന്ന നിലപാടാണ് ഉത്തരകൊറിയ ഇതുവരെ സ്വീകരിച്ചിരുന്നത്. അമേരിക്കന്‍ അധിനിവേശം ചെറുക്കുന്നതിനാണ് ആണവ പരീക്ഷണം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.