പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ഉടൻതന്നെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകി കുറഞ്ഞത് ഒരുമാസമെങ്കിലും കാത്തിരിക്കണം. ലൈസൻസുള്ള കരാറുകാരൻ വഴി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമായി പലവട്ടം ബെസ്കോം ഓഫിസ് കയറിയിറങ്ങണം. എന്നാൽ ഇനി ഉപയോക്താവിനു സബ്ഡിവിഷനൽ ഓഫിസുകളിൽ നേരിട്ട് അപേക്ഷിക്കാമെന്ന് അധികൃതർ പറഞ്ഞു.
ഡിജിറ്റൽ രൂപത്തിലാക്കിയതിനാൽ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാകും. അപേക്ഷ നൽകാനും ഫീസ് അടയ്ക്കാനുമായി ഒറ്റത്തവണ ബെസ്കോം ഓഫിസിൽ എത്തിയാൽ മതി. ലൈസൻസുള്ള കരാറുകാരൻ മുഖേന അപേക്ഷിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ബെംഗളൂരുവിനു പുറമെ ബെസ്കോമിന്റെ പരിധിയിലുള്ള മറ്റു ജില്ലകളിലേക്കും ഫാസ്റ്റ് ട്രാക്ക് സംവിധാനം വ്യാപിപ്പിക്കും.
∙ ആകെ വൈദ്യുതി ലോഡ് 7.5 കിലോവാട്ടിൽ കൂടാത്ത പുതിയ കണക്ഷനുകൾക്കാണ് ഫാസ്റ്റ് ട്രാക്ക് സേവനം ലഭിക്കുക. ∙ ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. ∙ സബ് ഡിവിഷനൽ ഓഫിസുകളിൽ നേരിട്ടെത്തുന്നവർ എല്ലാ രേഖകളും പകർപ്പുകളും കൊണ്ടുവരണം. വയറിങ് പൂർത്തിയായെന്നതിന്റെ സർട്ടിഫിക്കറ്റും ഇതിന്റെ ഡയഗ്രവും സമർപ്പിക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ ഈ രേഖകൾ അപ്ലോഡ് ചെയ്യണം. ∙ മുഴുവൻ ഫീസും അടച്ച ശേഷമാണ് കണക്ഷൻ നൽകുക. – ഒരിക്കൽ അപേക്ഷ സമർപ്പിച്ചശേഷം തിരുത്തലുകൾ അനുവദിക്കില്ല. ഇത്തരം അപേക്ഷകൾ നിരസിക്കപ്പെടാം. നിരസിക്കപ്പെടുന്ന അപേക്ഷകളിൽ, അടച്ച ഫീസ് തിരിച്ചു നൽകും. ∙ കൂടുതൽ വിവരങ്ങൾക്കു ബെസ്കോം വെബ്സൈറ്റ് . www.bescom.co.in