2ജി അഴിമതി: രാജയും കനിമൊഴിയും ഉൾപ്പടെ എല്ലാ പ്രതികളും കുറ്റവിമുക്തർ.

ന്യൂഡൽഹി ∙ യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്പെക്ട്രം അഴിമതിക്കേസി‌ൽ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും ഉൾപ്പെടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരെയും കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണു വിധി. പ്രതികളിൽ 14 വ്യക്‌തികൾക്കു പുറമേ റിലയൻസ് ടെലികമ്യൂണിക്കേഷൻ, യൂണിടെക് വയർലെസ് പ്രൈവറ്റ് ലിമിറ്റഡ്, സ്വാൻ ടെലികോം (ഇപ്പോൾ ഡിബി എത്തിസലാത്ത്) എന്നീ മൂന്നു കമ്പനികളാണുണ്ടായിരുന്നത്.

ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് ഇവരെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ചരിത്രവിധി പറഞ്ഞത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു കോടതി കണ്ടെത്തിയതായി അഭിഭാഷകൻ അറിയിച്ചു. പ്രതികൾക്കെതിരെ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ് ബെഹുറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ.കെ. ചന്ദോലിയ, സ്വാൻ ടെലികോം പ്രമോട്ടർമാരായ ഷാഹിദ് ഉസ്‌മാൻ ബൽവ, വിനോദ് ഗോയങ്ക, അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ് എംഡി ഗൗതം ദോഷി, ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റും റിലയൻസ് ടെലികോമിന്റെ സീനിയർ വൈസ് പ്രസിഡന്റുമായ സുരേന്ദ്ര പിപാര, ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ഹരി നായർ, യൂണിടെക് എംഡി സഞ്‌ജയ് ചന്ദ്ര, കുശഗാവ് ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾസ് ചീഫ് എക്‌സിക്യൂട്ടീവുമാരായ രാജീവ് അഗർവാൾ, ആസിഫ് ബൽവ, സൈൻയുഗ് ഫിലിംസ് സ്‌ഥാപകൻ കരിം മൊറാനി, കലൈഞ്‌ജർ ടിവി എംഡി ശരത്‌കുമാർ.

പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ വെറുതെവിട്ട സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ മുൻ സിഎജി വിനോദ് റായ് രാജ്യത്തോടു മാപ്പു പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഡിഎംകെയ്ക്കു വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി. രണ്ടാം യുപിഎ സർക്കാരിനു ഭരണം നഷ്ടപ്പെടുന്നതിന് ഇടയാക്കിയ മുഖ്യ അഴിമതിക്കേസിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

2011 നവംബര്‍ 11ന് ‍‍ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണു പൂർത്തിയായത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണു വിധി പറയാന്‍ തീരുമാനിച്ചത്. 1.76 ലക്ഷം കോടിയുടെ ക്രമക്കേടാണു സിഎജി കണ്ടെത്തിയത്. എന്നാല്‍, 122 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,984 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണു സിബിഐ കേസ്.

യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നു ടൈം മാഗസിന്‍ ചൂണ്ടിക്കാട്ടിയ കേസിലാണു പ്രതികളെയെല്ലാം വെറുതെ വിട്ടിരിക്കുന്നത്. എ. രാജ, ‍ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, കനിമൊഴി എന്നിവരെല്ലാം ഈ കേസിൽ വിചാരണ നേരിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us